വാഷിംഗ്ടണ്‍ : 26/11 മുംബൈ ഭീകരാക്രമണത്തിലെ ഗൂഢാലോചനയില്‍ പങ്കാളിയായ തഹാവൂര്‍ റാണയുടെ ഹര്‍ജിയില്‍ യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഏപ്രില്‍ 4 ന് വാദം കേള്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് കൈമാറുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് റാണ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ മുമ്പും റാണ കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ മാസം മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ റാണയെ കൈമാറുമെന്ന് ട്രംപ് സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യക്ക് കൈമാറരുതെന്നുള്ള റാണയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ യുഎസ് സുപ്രീംകോടതി തയ്യാറായത്.
വാദം കേള്‍ക്കാന്‍ കോടതി അനുകൂല നിലപാട് എടുത്തതോടെ റാണയെ നാടുകടത്തുന്നതില്‍ കുറച്ച് ആഴ്ചകള്‍ കൂടി വൈകും. എന്നിരുന്നാലും, ഹര്‍ജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ജോണ്‍ ജി റോബര്‍ട്ട്‌സ് ജൂനിയറില്‍ നിന്ന് റാണയ്ക്ക് അനുകൂല വിധി ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
കൈമാറ്റത്തിനെതിരെ കഴിഞ്ഞ മാസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ആദ്യ ഹര്‍ജിയില്‍, പാകിസ്ഥാന്‍ വംശജനായ ഒരു മുസ്ലീം ആയതിനാലും മുന്‍ പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥനായതിനാലും ഇന്ത്യയില്‍ താന്‍ പീഡിപ്പിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും തന്നെ ഇന്ത്യയിലേക്ക് അയയ്ക്കരുതെന്നും റാണ അവകാശപ്പെട്ടിരുന്നു.