മുംബൈ: പ്രതിഫലക്കാര്യത്തില്‍ താരങ്ങള്‍ തമ്മില്‍ കടുത്ത മത്സരം നിലനില്‍ക്കുന്ന മേഖലയാണ് ബോളിവുഡ്. സൂപ്പര്‍താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച് പല വിവാദങ്ങളും ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും അവരുടെ വരുമാനത്തെ ബാധിക്കാറില്ല. സൂപ്പര്‍താരങ്ങളുടെ ആസ്തിയും വരുമാനവും ഒരു സിനിമയ്ക്കു കിട്ടുന്ന പ്രതിഫലവുമൊക്കെ എല്ലാ കാലത്തും ആരാധകര്‍ ആകാംക്ഷയോടെ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. പലപ്പോഴും നടന്മാര്‍ വാങ്ങുന്ന പ്രതിഫലമാണ് പുറത്തുവരുന്നത്. ആരും സ്വയം വെളിപ്പെടുത്താറില്ലെങ്കിലും 100 കോടി രൂപ വരെ വാങ്ങുന്ന സൂപ്പര്‍താരങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഇപ്പോഴിതാ നടിമാരുടെ പ്രതിഫലം സംബന്ധിച്ച കണക്കുകളും പുറത്തുവന്നത് ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ്. ബോളിവുഡിലെ നിലവിലെ താരറാണിമാരെ പിന്തള്ളി ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തിയ പ്രിയങ്ക ചോപ്രയ്ക്കാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സിനിമയ്ക്ക് 30 കോടി രൂപ പ്രതിഫലമാണ് പ്രിയങ്കയ്ക്കു ലഭിച്ചത്.
മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് പ്രിയങ്ക ഇത്രയും വലിയ പ്രതിഫലം വാങ്ങുന്നത്. ആറു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ സിനിമയിലേക്ക് താരം തിരിച്ചെത്തുന്നത് എന്നറിയുമ്പോഴാണ് ഈ കണക്കുകള്‍ അത്ഭുതപ്പെടുത്തുന്നത്. 20 വര്‍ഷത്തിനു ശേഷമാണ് ഒരു പ്രിയങ്ക ദക്ഷിണേന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നത്.
പ്രതിഫലത്തുകയില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും പ്രിയങ്ക വഴങ്ങിയിരുന്നില്ല. ഇതോടെ നായികയെ പ്രഖ്യാപിക്കുന്നത് നീണ്ടുപോയതായി ബോളിവുഡ് ഹംഗമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാദ്യമായല്ല താരം ഉയര്‍ന്ന പ്രതിഫലം വാങ്ങി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ ഷോ ‘സിറ്റാഡലി’നായി 41 കോടിയോളം രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. ആറ് മണിക്കൂറായിരുന്നു ഇതിന്റെ ദൈര്‍ഘ്യം.
ദീപിക പദുകോണ്‍, ആലിയ, രശ്മിക മന്ദാന, നയന്‍താര എന്നിവരെയൊക്കെ പിന്തള്ളിയാണ് പ്രിയങ്ക ചോപ്ര ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പ്രിയങ്കയ്ക്കു ലഭിച്ച 30 കോടി രൂപ ഇന്ത്യയില്‍ ഒരു നടിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ്.
കല്‍ക്കി 2898 എഡി എന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ 20 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ഈ റെക്കോര്‍ഡാണ് പ്രിയങ്ക തകര്‍ത്തത്. ആലിയയുടെ പ്രതിഫലം 15 കോടിയാണ്. കരീന, കത്രീന, കിയാര, നയന്‍താര എന്നിവര്‍ 10 കോടി മുതല്‍ മുകളിലേക്ക് വാങ്ങുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2015 ല്‍ യുഎസിലേക്ക് താമസം മാറിയതിന് ശേഷം പ്രിയങ്ക ഇന്ത്യന്‍ സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2016 ല്‍ ജയ് ഗംഗാജല്‍ എന്ന ചിത്രത്തിനു ശേഷം 2019 ല്‍ പുറത്തിറങ്ങിയ ദ് സ്‌കൈ ഈസ് പിങ്കിലാണ് പ്രിയങ്കയെ പിന്നീട് കണ്ടത്. ഹോളിവുഡ് ചിത്രമായ ‘വൈറ്റ് ടൈഗറി’ലും ‘ദി മാട്രിക് റസറക്ഷ’നിലും ‘ലവ് എഗെയ്‌നി’ലും താരം അഭിനയിച്ചിരുന്നു.