Friday, May 9, 2025
HomeAmericaഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര മാധ്യമ കോൺഫറൻസ് ഒക്ടോബർ 9 മുതൽ

ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര മാധ്യമ കോൺഫറൻസ് ഒക്ടോബർ 9 മുതൽ

ന്യൂയോർക്ക് : വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ  പതിനൊന്നാമത് രാജ്യാന്തര മാധ്യമ കോൺഫറൻസ് 2025 ഒക്ടോബർ 9,10,11 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടത്തപ്പെടും.

കോൺഫറൻസ് വേദിയായ ഷെറാട്ടൺ ഹോട്ടൽ ജനറൽ മാനേജരായ ജാസ്സി സിങ്ങും ഇന്ത്യ പ്രസ് ക്ലബ് നാഷനൽ സെക്രട്ടറി ഷിജോ പൗലോസ്, പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ എന്നിവരുമായി ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ മാധ്യമപ്രവർത്തകരും, സാമൂഹ്യ സാംസ്‌കാരിക നേതാക്കളും, കമ്യൂണിറ്റി നേതാക്കന്മാരും, വ്യാപാരി വ്യവസായികളും വേദി സന്ദർശിക്കുകയും ആവശ്യമായ ഒരുക്കങ്ങളെപ്പറ്റി ചർച്ച നടത്തുകയും ചെയ്തു. ഐപിസിഎൻഎ  ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രഷറർ ബിനു തോമസും മറ്റു ഭാരവാഹികളും ആണ് കോൺഫറൻസിന്റെ ആതിഥേയത്വം വഹിക്കുന്നത്.

2006 ൽ ആദ്യമായി തുടങ്ങിയ രാജ്യാന്തര മാധ്യമ കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രഭാഷകനായി വന്നത്  മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആയിരുന്ന തോമസ് ജേക്കബ് ആയിരുന്നു. ന്യുജഴ്‌സിയിൽ മുൻപ് മൂന്നു തവണ കൺവൻഷൻ വ്യത്യസ്ത വേദികളിൽ നടന്നിട്ടുണ്ട്. 

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള , മുൻ പ്രസിഡന്റ് ജോർജ്‌ ജോസഫ്, മുൻ ട്രെഷറർ ജോർജ് തുമ്പയിൽ,  ഐപിസിഎൻഎ ഫിലഡൽഫിയ പ്രസിഡന്റ് അരുൺ കോവാട്ട്, ന്യൂയോർക്ക് അംഗം ജോൺസൻ ജോർജ്  എന്നീ മാധ്യമ പ്രവർത്തകർ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമാ നാഷനൽ സെക്രട്ടറി ബൈജു വർഗീസ്, ഫൊക്കാന മുൻ പ്രസിഡന്റ്റ് പോൾ കറുകപ്പിള്ളിൽ, ഫോമാ മുൻ പ്രസിഡന്റ് അനിയൻ ജോർജ്, ഫോമാ മുൻ സെക്രട്ടറി ജിബി മോളോപറമ്പിൽ, സാമൂഹ്യ സാംസ്‌കാരിക കലാ രംഗത്തെ പ്രമുഖരായ സണ്ണി വാണിയപ്ലാക്കൽ, സജി മാത്യു, മിത്രാസ് പ്രസിഡന്റ് രാജൻ ചീരൻ, ജിഷോ തോമസ്, പ്രമുഖ വ്യവസായിയും സംരഭകനുമായ നോഹ ജോർജ് ഗ്ലോബൽ കൊളീഷൻ എന്നിവരും വേദി കാണാനെത്തി. ഈ വർഷത്തെ പ്ലാറ്റിനം ഇവന്റ് ആൻഡ് മെയിൻ സ്പോൺസർ സാജ് ഏർത് റിസോർട്ടിന്റെ ഉടമകളായ സാജൻ വർഗീസും മിനി സാജനുമാണ്.


ഓരോ കോൺഫെറെൻസുകളും ഒന്നിനൊന്നു മികച്ചു നിന്ന പാരമ്പര്യമാണ് പ്രസ് ക്ലബിനുള്ളതെന്ന് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ ചൂണ്ടിക്കാട്ടി. ജനുവരിയിൽ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ നടത്തിയ പ്രസ് ക്ലബിന്റെ മാധ്യമശ്രീ, മാധ്യമര്തന, പയനിയർ, മീഡിയ എക്‌സലൻസ് അവാർഡ് ദാനചടങ്ങു വൻ വിജയമായി തീർന്നു എന്ന് നാഷനൽ സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു

വ്യത്യസ്തമായതും, അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക് പ്രയോജനം നല്കുന്നതിലൂന്നിയുള്ളതുമായ പ്രോഗ്രാമുകൾ ആണ് ഈ വർഷത്തെ കോൺഫറൻസിൽ വിഭാവനം ചെയ്യുന്നതെന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് (2026-27) രാജു പള്ളത്തു എന്നിവർ പറഞ്ഞു. അവയ്ക്ക്  അന്തിമ രൂപം നൽകി വരുന്നു. ഹോട്ടൽ ബുക്കിങ്ങിനും റജിസ്ട്രേഷനുമുള്ള വെബ്‌സൈറ്റ് ഉടൻ പ്രവർത്തന സജ്ജമാകുമെന്ന് അവർ  അറിയിച്ചു. ഈ വർഷത്തെ കോൺഫറൻസിനും കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രമുഖരായ മുതിർന്ന മാധ്യമപ്രവർകാരും, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും എന്നും ട്രഷറർ വിശാഖ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം എന്നിവരും അഭിപ്രായപ്പെട്ടു.  കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളുമായി ബന്ധപ്പെടാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments