മുംബൈ: ഇതിഹാസ നടൻ അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചന് ബോളിവുഡിലെ തുടക്കം അത്ര എളുപ്പമുള്ളതായിരുന്നില്ല. അദ്ദേഹത്തിന്‍റെ ആദ്യകാല ചിത്രങ്ങൾ പലതും പരാജയപ്പെട്ടു, നിരന്തരം പിതാവുമായുള്ള താരതമ്യപ്പെടുത്തലും അഭിഷേകിന് നേരിടേണ്ടി വന്നു. ഒരു ഘട്ടത്തിൽ അഭിനയം നിർത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു എന്ന് വെളിപ്പെടിത്തുകയാണ് അഭിഷേക് ബച്ചൻ.
കരിയറിന്‍റെ തുടക്കത്തിൽ താനും തന്റെ സിനിമകളും വളരെ മോശം സമയത്തിലൂടെയാണ് കടന്നുപോയതെന്ന് അഭിഷേക് പറയുന്നു. എന്ത് ചെയ്താലും ആഗ്രഹിച്ചത് നേടാൻ കഴിഞ്ഞില്ല. നിരാശ തോന്നിയപ്പോൾ ഉപദേശത്തിനായി പിതാവിനെ സമീപിച്ചതായി അടുത്തിടെ ഒരു അഭിമുഖത്തിൽ അഭിഷേക് പറഞ്ഞിരുന്നു. അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകളാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചത്.
ഞാൻ നിന്‍റെ പിതാവായിട്ടല്ല, ഒരു നടനായിട്ടാണു സംസാരിക്കുന്നത്. നീ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്, പക്ഷെ ഓരോ സിനിമ കഴിയുമ്പോഴും നീ മെച്ചപ്പെടുന്നുണ്ട്. ജോലി തുടരുക, ആഗ്രഹിക്കുന്നിടത്ത് എത്തും. തോറ്റുമടങ്ങുന്നൊരാളായല്ല ഞാൻ നിന്നെ വളർത്തിയത്. പോരാടിക്കൊണ്ടിരിക്കുക” -എന്നായിരുന്നു അമിതാഭ് ബച്ചന്‍റെ വാക്കുകൾ.
അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബി ഹാപ്പി’ ഇപ്പോൾ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യുന്നുണ്ട്. റെമോ ഡിസൂസ സംവിധാനം ചെയ്ത ചിത്രം ഒരു അച്ഛന്റെയും മകളുടെയും കഥ പറയുന്നു. നോറ ഫത്തേഹി, നാസർ, ഇനായത് വർമ, ജോണി ലിവർ, ഹർലീൻ സേത്തി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.