നായകൻമാർ പൊലീസ് വേഷത്തിലെത്തുന്ന ചിത്രങ്ങൾക്ക് മലയാളത്തിൽ പലപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ജോസഫ്, രേഖാചിത്രം എന്നിവ ഉദാഹരണം. ഇപ്പോൾ മികച്ച കലക്ഷനും അഭിപ്രായവും നേടി മുന്നേറുകയാണ് ജിത്തു അഷ്റഫ് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ പൊലീസ് വേഷത്തിലെത്തിയ ഓഫിസർ ഓൺ ഡ്യൂട്ടി. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസായി
ആഗോള ബോക്സ് ഓഫിസിൽ സിനിമ ഇതിനകം തന്നെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. കുഞ്ചാക്കോ ബോബൻ മുഖ്യവേഷത്തിലെത്തിയ അഞ്ചാംപാതിര, എന്നാ താൻ കേസു കൊട് എന്നീ ചിത്രങ്ങളും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.സമീപ കാലത്തായി ചാക്കോച്ചൻ സിനിമകൾക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്.
ഈ വർഷം കേരള ബോക്സ് ഓഫിസിൽ നിന്ന് ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ കലക്ഷനും ഓഫിസർ ഓൺ ഡ്യൂട്ടിക്കാണ്. രേഖാചിത്രത്തിന്റെ റെക്കോഡാണ് ചിത്രം മറികടന്നത്.കേരളത്തിൽ നിന്ന് സിനിമ നേടിയത് 27 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ആസിഫ് അലി നായകനായെത്തിയ രേഖാചിത്രത്തിന്റെ റെക്കോഡാണ് ചിത്രം മറികടന്നത്.
26.85 കോടി രൂപയാണ് രേഖാചിത്രത്തിന്റെ കേരളത്തിലെ ബോക്സ് ഓഫിസ് കലക്ഷൻ. ആഗോള തലത്തിൽ 75 കോടിയിലേറെയും ചിത്രം നേടിയിരുന്നു. ഇപ്പോൾ ഒ.ടി.ടിയിലും മികച്ച അഭിപ്രായമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്.