ദുബൈ: ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ കൂട്ടത്തിലേക്ക് നാലാമതായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ് ട്രോഫി. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് കീഴടക്കിയാണ് രോഹിന്റെ നീലപട്ടാളം ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടത്. വെടിക്കെട്ട് ബാറ്റിങ്ങുമായി മുന്നിൽ നിന്ന് നയിച്ച നാകയൻ രോഹിത് ശർമയാണ് (71) ഇന്ത്യയുടെ വിജയ ശിൽപി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഒാവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.76 റൺസ് നേടിയ നായകൻ രോഹിത് ശർമയും 48 റൺസെടുത്ത ശ്രേയസ് അയ്യരും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയും കുൽദീപ് യാദവുമാണ് ഇന്ത്യൻ വിജയത്തിന് കരുത്തേകിയത്.
ഇന്ത്യയുടെ രണ്ടാമത്തെ ചാമ്പ്യൻസ് ട്രോഫി കിരീടമാണ്. 12വർഷം മുൻപ് 2013ലാണ് ഇന്ത്യ ആദ്യമായി ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കുന്നത്. രണ്ട് ലോകകപ്പ് കിരീടങ്ങൾ(1983,2011) ഉൾപ്പെടെ ഏകദിനത്തിൽ ഇന്ത്യ ഉയർത്തുന്ന നാലാമത്തെ വിശ്വകിരീടം കൂടിയാണിത്.
ചാമ്പ്യൻസ് ട്രോഫി കലാശപ്പോരിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 252 റൺസ് ആയിരുന്നു വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഒാവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു.
63 റൺസെടുത്ത ഡാരിൽ മിച്ചലാണ് ടോപ് സ്കോറർ. അവസാന ഓവറുകളിൽ തകർത്തടിച്ച മിഖായേൽ ബ്രേസ് വെല്ലിന്റെ (40 പന്തിൽ പുറത്താകാതെ 53 ) ഇന്നിങ്സാണ് സ്കോർ 250 കടത്തിയത്.
ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി കുൽദീപ് യാദവ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. വിൽയങ് (15), രചിൻ രവീന്ദ്ര (37), കെയിൻ വില്യംസൺ (11), ടോം ലതാം(14) ഗ്ലെൻ ഫിലിപ്സ് (34), മിച്ചൽ സാൻറർ (8) എന്നിവരാണ് പുറത്തായത്.
മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഫൈനലിലും ഇറങ്ങിയത്. ന്യൂസിലാൻഡ് നിരയിൽ പരിക്കേറ്റ സൂപ്പർ താരം മാറ്റ് ഹെൻറി ടീമിലില്ല. നാല് മത്സരത്തിൽ ഇന്ത്യക്കെതിരെ നേടിയ അഞ്ച് വിക്കറ്റുൾപ്പടെ 10 വിക്കറ്റ് സ്വന്തമാക്കി മികച്ച ഫോമിൽ നിൽക്കുന്ന താരമാണ് മാറ്റ് ഹെൻറി. നഥാൻ സ്മിത്താണ് ഹെൻറിക്ക് പകരം ടീമിലെത്തിയത്.
ടൂർണമെന്‍റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യൻ ടീമെത്തുന്നതെങ്കിൽ ഗ്രൂപ്പ് സ്റ്റേജിൽ ഇന്ത്യയോട് മാത്രമാണ് ന്യൂസിലാൻഡ് തോറ്റത്. ആസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനൽ പ്രവേശനം നടത്തിയപ്പോൾ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയെയാണ് സെമിയിൽ പരാജയപ്പെടുത്തിയത്.