വാഷിംഗ്‌ടൺ: തെക്കൻ കാലിഫോർണിയയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ആരാധനാലയങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ ചുമരുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി വികൃതമാക്കുകയിരുന്നു.
തെക്കൻ കാലിഫോർണിയയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ ‘ബാപ്സ്’ ശ്രീ സ്വാമിനാരായണ മന്ദിറിൽ ആണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. കാലിഫോർണിയയിലെ കിനോ ഹിൽസിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ‘മോദി ഹിന്ദുസ്താൻ മുർദാബാദ്’ എന്ന് ചുവരുകളിൽ എഴുതിയിരുന്നു. ലോസ് ഏഞ്ചൽസിൽ ‘ഖലിസ്താൻ റഫറണ്ടം’ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിക്കുമ്പോഴാണ് ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായത്
വിദ്വേഷം ഒരിക്കലും വേരൂന്നാൻ ഞങ്ങൾ അനുവദിക്കില്ലെന്ന് ബാപ്സ് പ്രതികരിച്ചു. മാനവികതയും വിശ്വാസവും സമാധാനവും അനുകമ്പയും നിലനിൽക്കുമെന്ന് ഉറപ്പാക്കും. ഹിന്ദു സമൂഹം വിദ്വേഷത്തിനെതിരെ ഉറച്ചുനിൽക്കുന്നുവെന്നും ബാപ്സ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. 1905-ൽ സ്ഥാപിതമായ ബാപ്സ് അല്ലെങ്കിൽ ബോച്ചസൻവാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സൻസ്തയ്ക്ക് ലോകമെമ്പാടുമായി 1,300-ലധികം ഹിന്ദു ക്ഷേത്രങ്ങളുണ്ട്. 2012 ലാണ് കാലിഫോർണിയയിലെ ഹിന്ദുക്ഷേത്രം ഉദ്‌ഘാടനം ചെയ്തത്.