ലഖ്‌നോ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുസ്‍ലിംകളോട് സ്വീകരിക്കുന്ന ചിറ്റമ്മ നയം ന്യായീകരിക്കാനാവില്ലെന്ന് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷയും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി. എല്ലാ മതങ്ങളെയും ഒരുപോലെ പരിഗണിക്കണം. എന്നാൽ മുസ്‍ലിംകളോട് സർക്കാറുകൾ ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്നും അവർ പറഞ്ഞു.എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് മായാവതിയുടെ ട്വീറ്റ്. ഇത്തരം വിവേചനം സമൂഹത്തിലെ സമാധാനത്തിനും ഐക്യത്തിനും ഹാനികരമാകുമെന്നും ഇത് വളരെ ആശങ്കാജനകമായ കാര്യമാണെന്നും ഹിന്ദിയിലുള്ള പോസ്റ്റിൽ അവർ പറഞ്ഞു. ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു മതേതര രാജ്യമാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എല്ലാ മതങ്ങളിലെയും അനുയായികളെ ഒരു പക്ഷപാതവുമില്ലാതെ തുല്യമായി പരിഗണിക്കണം. എന്നാൽ മതപരമായ കാര്യങ്ങളിൽ മുസ്‍ലിംകളോട് കാണിക്കുന്ന രണ്ടാനമ്മ മനോഭാവം ന്യായീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു.
എല്ലാ മതങ്ങളുടെയും ഉത്സവങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഇളവുകളും നിയമങ്ങളും പക്ഷപാതമില്ലാതെ തുല്യമായി നടപ്പാക്കണം.പക്ഷേ, അത് സംഭവിക്കുന്നതായി തോന്നുന്നില്ല. ഇതുമൂലം സമൂഹത്തിൽ സമാധാനവും പരസ്പര സൗഹാർദവും വഷളാകുന്നു. ഇത് വളരെ ആശങ്കാജനകമാണ്. സർക്കാറുകൾ ഇതിൽ ശ്രദ്ധ ചെലുത്തണമെന്നും അവർ പറഞ്ഞു.