നിർമിത ബുദ്ധി, റോബോട്ടിക്സ് സാങ്കേതിക വിദ്യയിൽ പലപ്പോഴും ഫാന്റസികളായി അവതരിപ്പിക്കാറുള്ളതാണ് എ.ഐ അധിഷ്ഠിത സൈന്യം എന്ന സങ്കൽപം. ഇനി മുതൽ അത് കേവലമൊരു സങ്കൽപമല്ല. യഥാർഥ സൈനികർക്കൊപ്പം യുദ്ധഭൂമിയിൽ പൊരുതുന്ന, അതിർത്തിയിൽ കാവലിരിക്കുന്ന ഹ്യൂമനോയിഡ് സൈന്യം ഇന്ത്യൻ ആർമിയിലുമുണ്ടാകും. ഇതുസംബന്ധിച്ച ഗവേഷണം പുരോഗമിക്കുകയാണ് രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയിൽ.
നിലവിൽ റോബോട്ടുകൾ സൈന്യത്തിന്റെ ഭാഗമാണ്. എന്നാൽ, കൃത്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുന്നവയാണവ. പുതിയ ഗവേഷണത്തിലൂടെ വികസിപ്പിക്കാൻ ശ്രമിക്കുന്നത്, സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള റോബോട്ടുകളെയാണ്. സൈനികരുടെ ജീവന് ആപത്തിലാകാന്‍ സാധ്യതയുള്ള ദൗത്യങ്ങളില്‍ അവര്‍ക്ക് മുന്നില്‍നിന്ന് സൈനികരുടെ നിർദേശങ്ങള്‍ക്ക് അനുസരിച്ച് പോരാടാനുള്ള സവിശേഷത ഇവക്കുണ്ടാകും. സൈനിക ദൗത്യങ്ങള്‍ വളരെ സമ്മർദരഹിതമാക്കി മാറ്റാനും സൈനികരുടെ ജീവന് അപകടത്തിലാകുന്നത് കുറക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ഡി.ആർ.ഡി.ഒയുടെ പ്രതീക്ഷ.