കറാക്കസ്: വെനിസ്വേലയിൽ നിന്ന് യുഎസിലേക്കുള്ള എണ്ണ ഇറക്കുമതി ഈ ആഴ്ച അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ട്രംപിന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രഖ്യാപനം.
വക്ര ബുദ്ധിക്കാരനായ ജോ ബൈഡൻ വെനിസ്വേലയ്ക്ക് നൽകിയിരുന്ന എല്ലാ ഇളവുകൾ പിൻവലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
2024ലെ വെനിസ്വേലയുടെ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പ്രസിഡന്റ് നികളസ് മദൂറോ പരാജയപ്പെട്ടുവെന്നും കുടിയേറ്റക്കാരെ തിരിച്ചുവിളിക്കാൻ വേഗം നടപടി സ്വീകരിച്ചില്ലെന്നും ട്രംപ് പറഞ്ഞു.
ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ പ്രതിപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മദൂറോ സമ്മതിച്ചതിനെത്തുടർന്നാണ് 2022ൽ ബൈഡൻ ഭരണകൂടം എണ്ണ ഇറക്കുമതിക്ക് അനുവാദം നൽകിയത്. യുഎസ് കമ്പനിയായ ഷെവ്റോൺ കോർപറേഷനാണ് വെനിസ്വേലയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ട്രംപിന്റെ തീരുമാനം വെനിസ്വേലലയുടെ സാമ്പത്തിക മേഖലക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകൾ.