ജെറുസലേം: ഇസ്രായേലിൽ കടന്ന് 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതായി സൈന്യത്തിന്റെ അന്വേഷണ റിപ്പോർട്ട്. ഹമാസിൽനിന്ന് മിന്നലാക്രമണം പ്രതീക്ഷിക്കാതിരുന്നതും അവരുടെ ശക്തിയെ വളരെയധികം കുറച്ചുകണ്ടതായും വ്യാഴാഴ്ച പുറത്തുവന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
യുദ്ധം ചെയ്യുന്നതിനേക്കാള്‍ ഗസ്സ ഭരിക്കാനാണ് ഹമാസിന് താൽപര്യമെന്നതായിരുന്നു കണക്കുകൂട്ടൽ. ആക്രമണമുണ്ടായാൽതന്നെ പരമാവധി എട്ട് അതിര്‍ത്തി പോയന്റുകളില്‍ മാത്രമേ ആക്രമണം നടത്താന്‍ കഴിയൂ എന്നാണ് ഇസ്രയേല്‍ സൈന്യം കരുതിയത്. യഥാര്‍ഥത്തില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താനുള്ള 60ലേറെ മാര്‍ഗങ്ങള്‍ ഹമാസിനുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹമാസ് മുൻ തലവൻ യഹ്യ സിൻവാറിന്റെ നേതൃത്വത്തിൽ 2017ൽതന്നെ ആക്രമണത്തിന്റെ ആസൂത്രണം ആരംഭിച്ചിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിവരങ്ങൾ കാണിക്കുന്നതെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. നേരത്തേ മൂന്നുതവണ ഹമാസ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു.
ആയിരക്കണക്കിന് ഹമാസ് പോരാളികൾ ഇസ്രായേലിന്റെ അതിർത്തി ഭേദിച്ച് റോക്കറ്റുകൾ വർഷിച്ചപ്പോൾ സൈന്യം അമ്പരന്നു. നിരീക്ഷണ കാമറകൾ ഹമാസ് പ്രവർത്തനരഹിതമാക്കുകയും അതിർത്തിയിൽ നിലയുറപ്പിച്ച നൂറുകണക്കിന് സൈനികരെ പെട്ടെന്ന് കീഴടക്കുകയും ചെയ്തു.
അവിടെനിന്ന് അവർ ഹൈവേകളിലേക്കും അതിർത്തി പ്രദേശങ്ങളിലേക്കും സംഗീത പരിപാടിയിലേക്കും ഒന്നിലധികം ജനവാസ മേഖലകളിലേക്കും കടന്ന് മുതിർന്ന ഉദ്യോഗസ്ഥരെയടക്കം ആക്രമിച്ചാണ് സൈനിക കമാൻഡ് കൺട്രോൾ സംവിധാനം അവതാളത്തിലാക്കിയതെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. മിന്നലാക്രമണത്തിന്റെ ആദ്യത്തെ മൂന്ന് മണിക്കൂറിലാണ് ഒരു പ്രതിരോധവും നേരിടാതെ 251 പേരെ ഹമാസ് ബന്ദികളാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആധുനിക ഇസ്രായേലി ചരിത്രത്തിലെ ഏറ്റവും ദുരന്ത ദിനമായാണ് ഒക്ടോബർ ഏഴ് സംഭവം കണക്കാക്കുന്നത്. സംഭവത്തെക്കുറിച്ച് ദേശീയ കമീഷന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന് ഇസ്രായേലി പ്രതിപക്ഷം മുറവിളികൂട്ടിയിരുന്നു. അതേസമയം, സൈനിക ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്തുവരുകയും ഏറ്റുമുട്ടൽ അവസാനിക്കുകയും ചെയ്തതോടെ ദേശീയ അന്വേഷണത്തിന് ഉത്തരവിടാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിർബന്ധിതനാകുമെന്നാണ് സൂചന.