Sunday, May 4, 2025
HomeGulfപ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി വേണ്ടെന്നു വെച്ച് ബഹറിൻ

പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി വേണ്ടെന്നു വെച്ച് ബഹറിൻ

മനാമ: പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താനുള്ള നിർദേശം നിരസിക്കാനൊരുങ്ങി ശൂറ കൗൺസിൽ. ഇതിനോടകം പാർലമെന്‍റ് ഏകകണ്ഠമായി അംഗീകരിച്ച നിർദേശം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക എന്ന് ചൂണ്ടിക്കാട്ടി ശൂറ സാമ്പത്തിക സമിതി നിർദേശത്തെ അംഗീകരിച്ചിട്ടില്ല. ഇതിന്‍റെ പാശ്ചാത്തലത്തിലാണ് മന്ത്രിസഭ നിർദേശം തള്ളാനൊരുങ്ങുന്നത്.

ഒരു വർഷം മുമ്പും സമാന നിർദേശം പാർലമെന്‍റ് അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിക്കുകയും ശൂറ കൗൺസിൽ നിരസിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് വിഷയം വീണ്ടും ചർച്ചക്ക് വെച്ചതും കഴിഞ്ഞ മാസം പാർലമെന്‍റ് വീണ്ടും വോട്ടിനിട്ടതും. രണ്ടാം തവണയും പാർലമെന്‍റ് വിഷയം അംഗീകരിക്കുകയായിരുന്നു. ശൂറ കൗൺസിൽ ഇത്തവണയും നിരസിക്കൊനൊരുങ്ങിയ സ്ഥിതിക്ക് വിഷയം ദേശീയ അസംബ്ലിയുടെ സംയുക്തസമ്മേളനത്തിൽ വോട്ടിനിടും.

നികുതി നടപ്പാക്കിയാൽ രാജ്യം എണ്ണയെ ആശ്രയിക്കുന്നതിനെ കുറക്കാനാകും, ദശലക്ഷക്കണക്കിന് ദിനാറാണ് ഓരോരാജ്യത്തേക്കും അയക്കപ്പെടുന്നതെന്നും ടാക്സ് വരുന്നതിലൂടെ അതിന് കുറവുണ്ടാകുമെന്നും തത്ഫലമായി ദിനാർ ഇവിടെതന്നെ ചിലവഴിക്കാൻ കാരണമാകുമെന്നാണ് എം.പിമാരുടെ ഭാഷ്യം. എന്നാൽ ഗുണത്തേക്കാളേറേ ഇത് ദോഷമാണ് വരുത്തിവെക്കുക എന്നും വിഷയം അപ്രായോഗികമാണെന്നും ശൂറ സാമ്പത്തികകാര്യ സമിതി ചെയർമാൻ ഖാലിദ് അൽ മസ്കതി അഭിപ്രായപ്പെട്ടു. രണ്ട് ശതമാനം നികുതിയിൽ നിന്നുള്ള വരുമാനം വളരെ കുറവാണ്, ഇത് സർക്കാറിന് വലിയ ഗുണങ്ങളൊന്നും നൽകില്ല, മറ്റു അനുബന്ധ വഴികളിൽ നിന്നുള്ള വരുമാനത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുള്ള 72 ശതമാനം പ്രവാസികളും 200 ദിനാറിൽ താഴെയാണ് പ്രതിമാസം വരുമാനം നേടുന്നത്, പദ്ധതി നടപ്പായാൽ അവർ നിയമവിരുദ്ധ ബദൽ മാർഗം തേടുമെന്നും ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും കൂടാതെ മണിട്രാൻസ്ഫർ ഏജൻസികളെ ദോഷകരമായി ബാധിക്കുമെന്നും അൽ മസ്കതി കൂട്ടിച്ചേർത്തു. പണ കൈമാറ്റ സ്വാതന്ത്ര്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്‌റൈൻ നിരവധി അന്താരാഷ്ട്ര കരാറുകളിലും ഉടമ്പടികളിലും ഒപ്പുവെച്ചിട്ടുണ്ട്. അത് ലംഘിക്കാനാവില്ലെന്നും സർക്കാർ എം.പിമാർക്ക് നേരത്തെ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. നികുതി നീക്കം സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും സാമ്പത്തിക, വാണിജ്യ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്.

ബഹ്റൈൻ ചേംബർ, സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ, നാഷനൽ ബ്യൂറോ ഫോർ റവന്യൂസ്, ബഹ്റൈൻ അസോസിയേഷൻ ഓഫ് ബാങ്ക്സ്, എക്സ്ചേഞ്ച് കമ്പനികൾ എന്നിവരെല്ലാം നിർദേശത്തെ നിരസിച്ചിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments