Thursday, July 3, 2025
HomeAmericaമാതാപിതാക്കളില്ലാതെ അമേരിക്കയിലേക്ക് വന്ന കുടിയേറ്റ കുട്ടികളെ കണ്ടെത്തുക എന്ന നിർദേശം നൽകി ട്രംപ്

മാതാപിതാക്കളില്ലാതെ അമേരിക്കയിലേക്ക് വന്ന കുടിയേറ്റ കുട്ടികളെ കണ്ടെത്തുക എന്ന നിർദേശം നൽകി ട്രംപ്

വാഷിംഗ്ടണ്‍: മാതാപിതാക്കളില്ലാതെ അമേരിക്കയിലേക്ക് പ്രവേശിച്ച ലക്ഷക്കണക്കിന് കുടിയേറ്റ കുട്ടികളെ കണ്ടെത്താന്‍ ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദേശം. ഇമിഗ്രേഷന്‍ ഏജന്റുമാര്‍ക്കാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇത്തരമൊരു നിര്‍ദേശത്തെക്കുറിച്ചും ട്രംപ് ഭരണകൂടത്തിന്റെ പദ്ധതികളെക്കുറിച്ചും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയും ഐസിഇയും മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുട്ടികള്‍ മനുഷ്യക്കടത്തിനോ മറ്റ് തരത്തിലുള്ള ചൂഷണത്തിനോ ഇരകളാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

ഇതോടെ അനധികൃതമായി അതിര്‍ത്തി കടന്ന പ്രായപൂര്‍ത്തിയാകാത്തവരെ ലക്ഷ്യമിട്ട് സുപ്രധാന നീക്കത്തിലേക്കാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് കടക്കുന്നത്.

2019 മുതല്‍ 600,000-ത്തിലധികം കുടിയേറ്റ കുട്ടികള്‍ മാതാപിതാക്കളോ നിയമപരമായ രക്ഷിതാവോ ഇല്ലാതെ യുഎസ്-മെക്‌സിക്കോ അതിര്‍ത്തി കടന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ നിയമവിരുദ്ധമായി കടക്കുന്നതില്‍ പിടിക്കപ്പെട്ട കുടിയേറ്റക്കാരുടെ എണ്ണം റെക്കോര്‍ഡ് നിലയിലാണുള്ളത്.

തന്റെ ആദ്യ ഭരണകാലത്ത്, ട്രംപ് അവതരിപ്പിച്ച ‘സീറോ ടോളറന്‍സ്’ നയത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരായ കുട്ടികളെ അതിര്‍ത്തിയില്‍വെച്ച് അവരുടെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തുന്നതിലേക്ക് നയിച്ചിരുന്നു. കുട്ടികളെ ആരോഗ്യ-മനുഷ്യ സേവന വകുപ്പിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഏജന്‍സിയായ ഓഫീസ് ഓഫ് റെഫ്യൂജി റീസെറ്റില്‍മെന്റ് (ORR) നടത്തുന്ന കുട്ടികളുടെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.

അതേസമയം അവരുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കുകയോ നാടുകടത്തുകയോ ചെയ്തു. മുലയൂട്ടുന്ന അമ്മമാരില്‍ നിന്ന് കുഞ്ഞുങ്ങളെ വേര്‍പെടുത്തുന്നത് വ്യാപകമായ അന്താരാഷ്ട്ര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് 2018-ല്‍ ട്രംപ് ഈ നയം നിര്‍ത്തിവെച്ചു. എന്നിരുന്നാലും 1,000 കുട്ടികള്‍ വരെ ഇപ്പോഴും മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിഞ്ഞിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments