ന്യൂഡല്‍ഹി : എണ്ണ ഉപഭോഗം കുറച്ചുകൊണ്ട് അമിതവണ്ണത്തെ ചെറുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തില്‍ നടന്‍ മോഹന്‍ലാല്‍, ഗായിക ശ്രേയ ഘോഷാല്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കുചേരുന്നു.
വര്‍ദ്ധിച്ചുവരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള തന്റെ ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാഗമായി അമിതവണ്ണത്തിനെതിരെ പോരാടുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി രാജ്യവ്യാപകമായി ഒരു ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി മോദി.
ഫെബ്രുവരി 23 ന്, തന്റെ മന്‍ കി ബാത്ത് റേഡിയോ പരിപാടിയുടെ 119-ാമത് എപ്പിസോഡില്‍, ഇന്ത്യയില്‍, പ്രത്യേകിച്ച് കുട്ടികളില്‍, വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി പ്രശ്‌നത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചിരുന്നു. ദൈനംദിന ഭക്ഷണക്രമത്തില്‍ ചെറുതും എന്നാല്‍ പ്രധാനപ്പെട്ടതുമായ മാറ്റങ്ങള്‍ വരുത്താന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
എപ്പിസോഡിന് ശേഷം എണ്ണയുടെ ഉപയോഗം 10% കുറയ്ക്കാന്‍ താന്‍ പത്തുപേരെ പ്രേരിപ്പിക്കുകയും ചലഞ്ച് ചെയ്യുകയും ചെയ്യുമെന്നും മന്‍ കി ബാത്തില്‍ മോദി പറഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രമുഖരെ അദ്ദേഹം മെന്‍ഷന്‍ ചെയ്ത് പോസ്റ്റിട്ടത്. മാത്രമല്ല, ഇവരോട് മറ്റ് 10 പേരെ നിര്‍ദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിങ് ചാംപ്യന്‍ മനു ഭാക്കര്‍, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേകനി, നടന്‍ ആര്‍. മാധവന്‍, എംപി സുധാമൂര്‍ത്തി എന്നിവരാണ് അദ്ദേഹം നാമനിര്‍ദേശം ചെയ്ത മറ്റു വ്യക്തികള്‍.