തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായങ്ങള്‍ തുടങ്ങാൻ തദ്ദേശ നിയമങ്ങളിൽ ഇളവ് കൊണ്ടുവരാൻ സർക്കാർ. കാറ്റഗറി ഒന്നിലെ രണ്ട് വിഭാഗത്തിൽപെടുന്ന സംരഭങ്ങൾ തുടങ്ങാൻ പഞ്ചായത്തുകളുടെ അനുമതി ആവശ്യമില്ല എന്നതാണ് പ്രധാന തീരുമാനം. എലപ്പുള്ളിയിലെ മദ്യ നിർമ്മാണത്തിനുവേണ്ടിയാണ് ഭേദഗതിയെന്ന് പ്രതിപക്ഷവും പഞ്ചായത്തും ആരോപിച്ചു. ചട്ടഭേദഗതി ഏതെങ്കിലും കമ്പനിക്കുവേണ്ടിയല്ലെന്നാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം.
വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിൻെറ സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശകളാണ് അംഗീകരിച്ചത്. കാറ്റഗറി ഒന്നിൽപ്പെടുന്ന ഉൽപ്പാദന യൂണിറ്റുകളിൽ മലിനീകരണ നിയന്ത്രണ ബോർഡിൻെറ പട്ടികയിലെ ഗ്രീൻ, വൈറ്റ് വിഭാഗത്ത്ലിലെ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിൻറെ അനുമതി വേണ്ട. രജിസ്ട്രേഷൻ മാത്രം മതി. അതേ സമയം റെഡ്, ഓറഞ്ച് സംരംഭങ്ങള്‍ക്ക് പഞ്ചായത്തിൻെറ അനുമതി ആവശ്യമാണ്.
അതിനിടെ പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറക്കുന്ന നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണ പ്ലാന്റിന് കെട്ടിടവും റോഡും നിര്‍മ്മിക്കുന്നതിനും സ്ഥലം നികത്തുന്നതിനും പഞ്ചായത്തിന്റെ അനുമതി വേണം. ഇത് മറികടക്കാനാണ് നിലവിലെ നീക്കമെന്നാണ് ആരോപണം.മദ്യോല്പാദന കമ്പനികൾക്ക് ഇളവുണ്ടോ എന്ന ചോദ്യത്തിന് തദ്ദേശമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ബ്യൂവറി ഏത് കാറ്റഗറിയിലാണ് എന്ന ചോദ്യത്തിനും എനിക്ക് അറിയില്ല, പരിശോധിക്കണമെന്നായിരുന്നു പ്രതികരണം. നിങ്ങള്‍ ബ്രൂവറിയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. താന്‍ അങ്ങനെയല്ല. നമ്മുടെ മുന്നില്‍ അങ്ങനെയല്ല വിഷയം. എലപ്പുള്ളിയുമായി ഇതിന് ബന്ധമില്ല. ഇത്തരം ചോദ്യങ്ങള്‍ക്ക് ഇത്തരം പറയാന്‍ ആഗ്രഹിക്കുന്നില്ല. തനിക്ക് അതിന് ബാധ്യതയില്ലെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
പുതിയ തലമുറ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ കഴിയാത്ത പ്രശ്‌നമുണ്ട്. നിയമവിധേയമായ എല്ലാ സംരംഭങ്ങള്‍ക്കും വേഗത്തില്‍ അനുമതി നല്‍കും. വീടുകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് നിലവില്‍ ലൈസന്‍സ് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ലോണ്‍ അടക്കമുള്ളവ കിട്ടാത്ത അവസ്ഥയുണ്ട്. അതിന് മാറ്റം വരുത്തുമെന്നും ലൈസന്‍സ് നല്‍കുമെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.