അബുദാബി : ലുലു ഗ്രൂപ്പിൽ ഒട്ടേറെ ജോലി സാധ്യതകൾ. യുഎഇയിലും സൗദിയിലും ഉടൻ ആരംഭിക്കുന്ന പുതിയ റീട്ടെയിൽ ശാഖകളിലേക്ക് ആയിരക്കണക്കിന് ജീവനക്കാരെയാണ് ആവശ്യമായി വരിക. ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ് വരുന്നത്. യുഎഇയിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും നഗര പ്രാന്തപ്രദേശങ്ങളിലേക്ക് ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ആ പ്രദേശങ്ങൾ കണ്ടെത്തി ഹൈപ്പർമാർക്കറ്റും എക്സ്പ്രസ് സ്റ്റോറും ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു.
ദുബായ്, അബുദാബി, ഷാർജ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെ ജനസംഖ്യ ക്രമാതീതമായി വർധിച്ചതിന് കാരണം വിദേശ തൊഴിലാളികളുടെ വൻതോതിലുള്ള വരവാണ്. നഗരങ്ങളിലെ ഡൗൺ ടൗണുകളിലും സെൻട്രൽ ഡിസ്ട്രിക്ടുകളിലും ഉയർന്ന വാടക ഉള്ളതിനാൽ അതും ട്രാഫിക്കും മറികടക്കാൻ പലരും താമസത്തിന് പ്രാന്തപ്രദേശങ്ങളാണ് ഇഷ്ടപ്പെടുന്നത്.
യുഎഇയിലെ ജനസംഖ്യാ വർധനയോടെ ഗ്രൂപ്പിന് ഇവിടെ വളരാനുള്ള മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ലുലു റീട്ടെയിൽ സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു. ഞങ്ങൾ ഒട്ടേറെ ഡെവലപർമാരുമായി ചർച്ചയിലാണ്. അവർ ഞങ്ങൾക്ക് അവസരം നൽകുകയും യുഎഇയിൽ എല്ലായിടത്തും ലുലു ലഭിക്കാൻ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നു. യുഎഇയിൽ ലുലുവിന് 30 പദ്ധതികൾ ചർച്ചയിലുണ്ട്. എന്നാൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.