വാഷിങ്ടണ്‍: ട്രംപ് അധികാരമേറ്റതിന് പിന്നാലെ റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ചുവട് മാറ്റവുമായി അമേരിക്ക. യുക്രൈന്‍ യുദ്ധം അതിവേഗം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുമായി ട്രംപ് ഭരണകൂടം രംഗത്തിറങ്ങി. ചര്‍ച്ചകളുടെ ഭാഗമായി ഉന്നത യു.എസ്. ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സൗദി അറേബ്യയില്‍ റഷ്യന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഇക്കാര്യം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സ്, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് റഷ്യയുടെ പ്രതിനിധി സംഘവുമായി ചൊവ്വാഴ്ച റിയാദില്‍ കൂടിക്കാഴ്ച നടത്തുക.യുദ്ധത്തില്‍നിന്ന് പിന്മാറുന്നതിനായി ഉപരോധങ്ങള്‍ നീക്കുന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ ട്രംപ് പുട്ടിന് നല്‍കിയതായാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിന്റെ നീക്കം യുഎസിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ പാരീസില്‍ യൂറോപ്യന്‍ നേതൃത്വം യുക്രൈന്‍ വിഷയത്തില്‍ അടിയന്തര യോഗം ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഞായറാഴ്ച രാത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജര്‍മനി, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്റെ പ്രതിനിധിയും ഉണ്ടായിരുന്നു.കടലാസില്‍ മാത്രമായിരിക്കരുത് സുരക്ഷാ ഗ്യാരണ്ടികളെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ഇത് സംബന്ധിച്ച് പ്രതികരിച്ചത്.
അതേസമയം സൗദിയില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നും വിളിച്ചാലും യുക്രൈന്റെ സൈനികപങ്കാളികളുമായി കൂടിയാലോചിക്കാതെ റഷ്യയുമായി ഇടപെടില്ലെന്നും സെലന്‍സ്‌കി കഴിഞ്ഞദിവസം പറഞ്ഞിരുന്നു
യൂറോപ്പിന് യുഎസിന്റെ പിന്തുണ ഉറപ്പുള്ള നാളുകള്‍ അവസാനിച്ചുവെന്ന് മുന്നറിയിപ്പ് നല്‍കിയ സെലന്‍സ്‌കി ഒരു ഏകീകൃത സൈന്യവും വിദേശനയവും സൃഷ്ടിക്കാന്‍ യൂറോപ്പ് ഒരുമിച്ച് ചേരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.അതേസമയം റഷ്യയുമായുള്ള ചര്‍ച്ചയ്ക്കല്ലാതെ ഈ ആഴ്ച സൗദിയിലെത്തുന്നുണ്ടെന്നും സെലന്‍സ്‌കി അറിയിച്ചു. സൗദി അധികൃതരുമായിട്ടായിരിക്കും ചര്‍ച്ച.
2022 ഫെബ്രുവരി 24-നാണ് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയത്. യുക്രൈന്‍യുദ്ധം ഉടന്‍ അവസാനിപ്പിക്കുമെന്ന പ്രതിജ്ഞയുമായാണ് ട്രംപ് യു.എസ്. പ്രസിഡന്റായി അധികാരമേറ്റത്. പുട്ടിനും സെലെന്‍സ്‌കിയുമായി ബുധനാഴ്ച അദ്ദേഹം ഫോണില്‍ സംസാരിച്ചിരുന്നു. യു.എസിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളെ പൂര്‍ണമായി ഒഴിവാക്കിയാണ് യു.എസ്. സമാധാനപ്രക്രിയയുമായി നീങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.