ദില്ലി: ബിയർ കാനിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം പതിപ്പിക്കാനുള്ള തീരുമാനവുമായി റഷ്യൻ ബ്രൂവറി. നീക്കത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം രൂക്ഷമാവുകയാണ്. ഒഡീഷയിൽ നിന്നുള്ള രാഷ്ട്രീയ നേതാവായ സുപർണോ സത്പതി എക്സിൽ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് വലിയ രീതിയിൽ സംഭവം ചർച്ചയായത്. മഹാത്മാ ഗാന്ധിയുടെ ചിത്രത്തോട് കൂടിയുള്ള ബിയർ കാനിന്റെ ചിത്രം അടങ്ങുന്നതായിരുന്നു സുപർണോ സത്പതിയുടെ എക്സിലെ കുറിപ്പ്.
പ്രധാനമന്ത്രി വിഷയം റഷ്യൻ സർക്കാരുമായി ചർച്ച ചെയ്യണമെന്ന് സുപർണോ സത്പതി ആവശ്യപ്പെട്ടിരുന്നു. മഹാത്മാ ജി എന്ന പേരിലാണ് റിവോർട്ട് എന്ന ബ്രൂവറിയുടെ ബിയർ. ഗാന്ധിജി സമാധാനത്തിന്റെയും അഹിംസയുടെയും ആഗോള പ്രതീകമാണെന്നും അദ്ദേഹത്തെ മദ്യവുമായി ബന്ധിപ്പിക്കുന്നത് അനുചിതമാണെന്നും കുറിപ്പിന് ലഭിക്കുന്ന പ്രതികരിക്കുന്നത്. നീക്കം ഞെട്ടിക്കുന്നതാണെന്നാണ് കുറിപ്പിന് ലഭിക്കുന്ന പ്രതികരണങ്ങൾ.
ഇന്ത്യയുടെ മൂല്യങ്ങളെയും ജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണ് നീക്കമെന്നും വിമർശനം രൂക്ഷമാണ്. നേരത്തെയും ഗാന്ധിജിയുടെ ചിത്രം മദ്യത്തിന്റെ പരസ്യങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. 2019ൽ ഇസ്രയേലി മദ്യ കമ്പനി ഇസ്രയേലിന്റെ 71-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളിൽ പതിപ്പിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ ഈ സംഭവത്തിൽ ബ്രൂവറി കമ്പനി ക്ഷമാപണം നടത്തിയിരുന്നു.