Thursday, May 1, 2025
HomeNewsവയനാടിന് സാമ്പത്തിക പാക്കേജിനു പകരം 529.50 കോടി വായ്പ നൽകി കേന്ദ്രം: വിമർശിച്ച് വിഡി സതീശൻ

വയനാടിന് സാമ്പത്തിക പാക്കേജിനു പകരം 529.50 കോടി വായ്പ നൽകി കേന്ദ്രം: വിമർശിച്ച് വിഡി സതീശൻ

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നില്‍ക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്രം മറക്കരുതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

“50 വര്‍ഷത്തേക്കുള്ള വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 പദ്ധതികള്‍ക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാര്‍ച്ച് 31ന് മുമ്പ് വിനിയോഗിക്കണ മെന്നതാണ് നിര്‍ദേശം. ഇത് അപ്രായോഗികമാണ്. കേരളത്തെ സഹായിച്ചെന്നു വരുത്തി തീര്‍ത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം.

പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റു സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിച്ച അതേ സര്‍ക്കാരാണ് കേരളത്തിന് അര്‍ഹതപ്പെട്ട ധനസഹായം പോലും നിഷേധിക്കുന്നത്. വായ്പയല്ല, 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കേണ്ടത്. അത് നല്‍കാനുള്ള ഭരണഘടനാപരമായ ബാധ്യതയും കേന്ദ്ര സര്‍ക്കാരിനുണ്ട്.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ കെട്ടുറപ്പിനെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. വയനാട്ടിലെ ജനങ്ങളോടും കേരളത്തോടുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വ രഹിതമായ അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ല.

കേരളത്തോടുള്ള നിലപാട് തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി തയാറാകണം. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് ശക്തമായ പ്രക്ഷേഭം സംഘടിപ്പിക്കും” -പ്രതിപക്ഷ നേതാവ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments