കറാച്ചി∙ ത്രിരാഷ്ട്ര പരമ്പരയിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ പാക്കിസ്ഥാൻ താരങ്ങൾ നടത്തിയ ആഘോഷ പ്രകടനത്തെച്ചൊല്ലി വൻ വിവാദം. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ പുറത്തായപ്പോൾ പാക്ക് താരങ്ങള്‍ നടത്തിയ ആഘോഷം അതിരുവിട്ടതാണെന്നാണു വിമര്‍ശനം. സംഭവത്തിൽ പാക്ക് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‍വാന് അംപയർമാർ താക്കീത് നൽകുകയും ചെയ്തു. പാക്ക് ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനിടെ 29–ാം ഓവറിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുഹമ്മദ് ഹസ്നിയാന്റെ ഗുഡ് ലെങ്ത് പന്ത് നേരിട്ട ബാവുമ റണ്ണിനായി ക്രീസ് വിട്ടു. നോൺ സ്ട്രൈക്കറായിരുന്ന മാത്യു ബ്രീറ്റ്സ്കിയും മുന്നോട്ടു കുതിച്ചു. പക്ഷേ ഇരുവർക്കുമിടയിലെ ആശയക്കുഴപ്പം വില്ലനായി. അപ്പോഴേക്കും പിച്ചിനു മധ്യത്തിലേക്ക് ഓടിയെത്തിയ ബാവുമ തിരിച്ച് ക്രീസിലെത്താനും ശ്രമിച്ചു. എന്നാൽ പന്ത് പിടിച്ചെടുത്ത സൗദ് ഷക്കീലിന്റെ ത്രോ കൃത്യമായി വിക്കറ്റിൽ പതിച്ചു.
96 പന്തിൽ 82 റൺസാണ് ഓപ്പണറായ ബാവുമ മത്സരത്തിൽ നേടിയത്. അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റ് പാക്ക് താരങ്ങൾ അതിരുവിട്ട് ആഘോഷിച്ചു. ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്ന ബാവുമയുടെ മുന്നിലേക്ക് ചാടിവീണായിരുന്നു ആഘോഷപ്രകടനങ്ങള്‍. പാക്ക് താരങ്ങള്‍ ബാവുമയുടെ മുന്നിലേക്ക് എത്തിയതോടെ, ദക്ഷിണാഫ്രിക്കൻ ബാറ്റർ കുറച്ചുനേരം ഗ്രൗണ്ടിൽനിന്ന ശേഷമാണു മടങ്ങിയത്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 352 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 49 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയത്തിലെത്തി. മുഹമ്മദ് റിസ്‍വാനും (128 പന്തിൽ 122), ആഗ സൽമാനും (103 പന്തിൽ 134) പാക്കിസ്ഥാനു വേണ്ടി സെഞ്ചറി നേടി.