എഐ രംഗത്തെ അതികായരും ചാറ്റ് ജിപിടി ഉടമകളുമായ ഓപൺ എഐക്ക് വിലയിട്ട് ശതകോടീശ്വരനും സ്പേസ് എക്സ് സ്ഥാപകനുമായ ഇലോൺ മസ്ക്. 97.4 ബില്യൺ ഡോളറിന് ഓപൺ എഐ വാങ്ങാമെന്നാണ് മസ്ക് മുന്നോട്ട് വച്ചിട്ടുള്ള ഓഫർ.
എന്നാൽ, മസ്കിന്‍റെ ഓഫർ ആലോചന പോലും ഇല്ലാതെ ഓപൺ എഐ സിഇഒ സാം ആൾട്ട്മാൻ മസ്കിന്‍റെ ഓഫര്‍ തള്ളിക്കളഞ്ഞു. ഒപ്പം 9.74 ബില്യൺ ഡോളറിന് ട്വിറ്റർ (നിലവിലെ എക്സ്) ഏറ്റെടുക്കാമെന്ന വാഗ്ദാനമാണ് സാം നല്‍കിയത്.ഓപൺ എഐക്കെതിരെ മസ്ക് നിയമപോരാട്ടം തുടരുകയാണ്. ഇതിനിടെയാണ് ഏറ്റെടുക്കൽ വാഗ്ദാനവും.
ഓപൺ എഐ നോൺ പ്രൊഫിറ്റ് സ്ഥാപനമെന്നതിൽ നിന്ന് ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ഘടനയിലേക്ക് മാറുകയാണെന്ന് ചൂണ്ടിക്കാട്ടി ട്രംപ് കമ്പനിക്കെതിരെയും സിഇഒ സാം ആൾട്ട്മാനെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്.
2015ൽ ഓപ്പൺ എഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാർ വ്യവസ്ഥകൾ ആൾട്ട്മാനും കമ്പനിയും ലംഘിച്ചുവെന്നാണ് മസ്‌കിന്റെ വാദം. 2015ൽ ഓപൺ എഐയിൽ മസ്ക് സഹസ്ഥാപകനായി എത്തിയിരുന്നെങ്കിലും പിന്നീട് ഇത് ഉപേക്ഷിച്ച് സ്വന്തമായി എഐ കമ്പനി രൂപീകരിക്കുകയായിരുന്നു. പിന്നാലെ, ഓപൺ എഐയുടെ വിമർശനകനായി മസ്ക് മാറുകയും ചെയ്തു.