മുംബൈ : ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പിനുള്ള സമീപിച്ചവരിൽനിന്ന് രക്ഷപ്പെട്ട സംഭവം വിവരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇപ്പോൾ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ലഘു കുറിപ്പിലാണ്, തട്ടിപ്പുകാർ ബന്ധപ്പെട്ട കാര്യം മഞ്ജരേക്കർ വെളിപ്പെടുത്തിയത്. ഒരു പരിചയക്കാരനെന്ന വ്യാജേന 25,000 രൂപ ആവശ്യപ്പെട്ടാണ് തട്ടിപ്പുകാർ സമീപിച്ചതെന്നും, 2.5 ലക്ഷം രൂപ തരട്ടെ എന്ന് മറുപടി നൽകിയതോടെ അവരുടെ പൊടിപോലും കണ്ടിട്ടില്ലെന്നും മഞ്ജരേക്കർ വെളിപ്പെടുത്തി.
‘‘അടുത്തിടെ ഒരു പരിചയക്കാരനിൽനിന്ന് 25,000 രൂപ ആവശ്യപ്പെട്ട് വാട്സാപ്പ് മുഖേന സന്ദേശം ലഭിച്ചു. അദ്ദേഹത്തിന്റെ നമ്പർ ഹാക്ക് ചെയ്തതാണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട്, ഏങ്ങനെയാണ് പണം തരേണ്ടതെന്നും ഗൂഗിൾപേ വഴി മതിയോ എന്നും മറുപടി അയച്ചു. ഉടൻതന്നെ പണം അടയ്ക്കേണ്ട നമ്പർ എനിക്ക് അയച്ചുതന്നു. പണം അയച്ചുകഴിഞ്ഞ് അതിന്റെ സ്ക്രീൻ ഷോട്ട് അയയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. ഒരു രണ്ടര ലക്ഷം രൂപ താങ്കൾക്ക് അയയ്‌ക്കട്ടെ എന്ന് മറുപടി അയച്ചതോടെ പിന്നെ യാതൊരു അനക്കവുമില്ല’ – മഞ്ജരേക്കർ കുറിച്ചു.
പരിചയക്കാരെന്ന വ്യാജേന പണം ആവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിപ്പുകൾ കേരളത്തിൽ ഉൾപ്പെടെ വ്യാപകമാകുന്നതിനിടെയാണ്, തട്ടിപ്പുകാർ സമീപിച്ചതായി വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം തന്നെ രംഗത്തെത്തിയത്. ഇത്തരം അനുഭവങ്ങൾ തങ്ങൾക്കുമുണ്ടായിട്ടുണ്ടെന്ന് ഒട്ടേറെപ്പേരാണ് കമന്റ് സെക്ഷനിൽ വെളിപ്പെടുത്തിയത്.