കൊച്ചി: നിർമാതാവ് സുരേഷ് കുമാറിനെതിരെ വിമർശനവുമായി നടൻ വിനായകൻ. അഭിനേതാക്കൾ സിനിമ നിർമിക്കേണ്ടയെന്ന് ഭാര്യയോടും മകളോടും പറഞ്ഞാൽ മതിയെന്ന് സുരേഷ് കുമാറിനോട് വിനായകൻ പറഞ്ഞു. താൻ സിനിമ നിർമിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുമെന്ന് വിനായകൻ പറഞ്ഞു.
നേരത്തെ മലയാളത്തിലെ സിനിമ നിർമാതാക്കൾ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് നിർമാതാവ് സുരേഷ് കുമാർ പറഞ്ഞു. 200 സിനിമകൾ ഇറങ്ങിയതിൽ 24 എണ്ണം മാത്രമാണ് ഓടിയത്. 176 ചിത്രങ്ങൾ ബോക്സോഫീസിൽ പരാജയപ്പെടുകയായിരുന്നു. 650 – 700 കോടിക്കിടയിലാണ് സിനിമ രംഗത്ത് കഴിഞ്ഞ വര്‍ഷം നിര്‍മാതാക്കള്‍ക്ക് സംഭവിച്ച നഷ്ടം
പല നിര്‍മാതാക്കളും നാടുവിട്ടുപോകേണ്ട ഗതികേടിലാണ്. ഒരു രീതിയിലും ഒരു നിര്‍മാതാവിന് സിനിമയെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ മലയാള സിനിമ. ഏറ്റവും വലിയ പ്രശ്‌നം നടീനടന്‍മാരുടെ പ്രതിഫലമാണെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.
ആർടിസ്റ്റുകൾ എന്നാണു പടം നിർമിക്കാൻ തുടങ്ങിയത്. കോവിഡിനു മുമ്പ് ദിലീപും മോഹൻലാലും മാത്രമാണ് ഇവിടെ സിനിമ നിർമിച്ചിരുന്നത്. ബാക്കിയുള്ളവരെല്ലാം കോവിഡിനു ശേഷം ഒ.ടി.ടി പ്രചാരത്തിൽ വന്നതോടെയാണ് പ്രൊഡക്‌ഷൻ തുടങ്ങിയത്. എല്ലാം എനിക്ക് പോരട്ടെയെന്ന വിചാരമാണ് ഇതിന് പിന്നിലെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് വിനായകന്റെ പ്രതികരണം.