റേസിങ് പരിശീലനത്തിനിടെ തമിഴ് സൂപ്പർ താരം അജിത് കുമാറിന്റെ വാഹനം അപകടത്തിൽപെട്ടു. അതിവേഗ പരിശീലന സെഷനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനത്തിന് കേടുപാട് സംഭവിച്ചെങ്കിലും നടൻ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപെട്ടു.
പോർച്ചുഗലിലെ എസ്റ്റോറിൽ നടന്ന പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. എസ്റ്റോറിലിൽ നടക്കാനിരിക്കുന്ന ഒരു പ്രധാന മോട്ടോർസ്പോർട്സ് ഇവന്റിനായുള്ള പരിശീലനത്തിനാണ് 53 കാരനായ താരം പോർച്ചുഗലിൽ എത്തിയത്. ചെറിയ അപകടമാണ് ഉണ്ടായതെന്നും ആർക്കും പരിക്കില്ലെന്നും അപകട ശേഷം നടൻ പ്രതികരിച്ചു.
അതേസമയം, പരിശീലനത്തിനിടെ ഇത് രണ്ടാം തവണയാണ് അജിത്തിന് അപകടം സംഭവിക്കുന്നത്. അടുത്തിടെ ദുബായിൽ നടന്ന പരിശീലനത്തിനിടെയും താരത്തിന്റെ വാഹനം അപകടത്തിൽപെട്ടിരുന്നു. ടീമംഗങ്ങളായ മാത്യു ഡെട്രി, ഫാബിയൻ ഡഫിയൂക്സ്, കാമറൂൺ മക്ലിയോഡ് എന്നിവർക്കൊപ്പം പരിശീലനം നടത്തുന്നതിനിടെ അജിത്തിന്റെ വാഹനം ഭിത്തിയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
മാസങ്ങൾക്കു മുൻപാണ് തമിഴ് നടൻ അജിത് കുമാർ സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചത്. അംഗീകൃത റേസറായ അജിത് തന്റെ പുതുതായിതുടങ്ങുന്ന റേസിങ് ടീമിന് ‘അജിത് കുമാർ റേസിങ്’ എന്നാണ് പേരിട്ടിട്ടുള്ളത്. ദുബായിൽ നടന്ന 24എച്ച് സീരീസിൽ അജിത് കുമാറിന്റെ ടീം വിജയം നേടുകയും ചെയ്തിരുന്നു. അജിത്തിന്റെ റേസിങ് ടീമിലെ ഡ്രൈവറായ ബൈ ബാസ് കോറ്റനാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ജിടി 4 വിഭാഗത്തിൽ ‘സ്പിരിറ്റ് ഓഫ് ദി റേസ്’ ട്രോഫി അജിത് സ്വന്തമാക്കുകയും ചെയ്തിരുന്നു.