മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും പണം വാരി ചിത്രങ്ങളിലൊന്നായ പ്രേമലുവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ച് ഭാവന സ്റ്റുഡിയോസ്. ഏറെ രസകരമായ ഒരു വീഡിയോയിലൂടെ ആണ് ഭാവന സ്റ്റുഡിയോസ് പ്രേമലുവിനു പിറന്നാൾ ആശംസകൾ നേർന്നത്. പ്രേമലുവിന്റെ രണ്ടാം ഭാഗം ഷൂട്ട് 2025 ജൂണിൽ തുടങ്ങും എന്നതിന്റെ സൂചനകളും വീഡിയോയിലുണ്ട്.
2024 ഫെബ്രുവരി 9 നു തീയറ്ററുകളിൽ എത്തിയ പ്രേമലു ഗംഭീര വിജയമാണ് നേടിയത്. എല്ലാത്തരം പ്രേകഷകരെയും ഒരുപോലെ ആകർഷിച്ച ചിത്രം ഇന്ത്യ ഒട്ടാകെ തരംഗമായി മാറി. ഭാവന സ്റുഡിയോസിന്റെ ബാനറിൽ നസ്ലിൻ, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ തമിഴ് തെലുഗു ഭാഷകളിലേക്കും മൊഴിമാറ്റപ്പെടുകയും അവിടെയും വമ്പൻ വിജയം ആവർത്തിക്കുകയും ചെയ്തു.
ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വിജയമാണ് ആന്ധ്രാ പ്രദേശ് തെലുങ്കാന സംസ്ഥാനങ്ങളിൽ ചിത്രത്തിന് ലഭിച്ചത്. രാജമൗലി , പ്രിയദർശൻ ഉൾപ്പടെയുള്ള പ്രശസ്ത സംവിധായകരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഭാവന സ്റ്റുഡിയോസ് അനൗൺസ് ചെയ്തിരുന്നു .