Saturday, May 3, 2025
HomeIndiaനാട് കടത്തപ്പെട്ടത് അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വേണ്ടി പ്രയത്നിച്ചവർ: പഞ്ചാബ് മന്ത്രി കുല്‍ദീപ് സിങ് ധാലിവാള്‍

നാട് കടത്തപ്പെട്ടത് അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വേണ്ടി പ്രയത്നിച്ചവർ: പഞ്ചാബ് മന്ത്രി കുല്‍ദീപ് സിങ് ധാലിവാള്‍

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാര്‍ എന്ന് ചാപ്പക്കുത്തി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാര്‍ ഒരുകാലത്ത് അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വേണ്ടി കൂടി അധ്വാനിച്ചവരാണെന്ന് പഞ്ചാബ് എന്‍.ആര്‍.ഐ. അഫയേഴ്‌സ് മന്ത്രി കുല്‍ദീപ് സിങ് ധാലിവാള്‍. ഇവരെ നാടുകടത്തുന്നതിന് പകരം പൗരത്വം നല്‍കി അവിടെ തുടരാന്‍ അനുവദിക്കുകയായിരുന്നു ഭരണകൂടം ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ നിന്നുള്ള ആളുകളെല്ലാം തൊഴില്‍ രേഖകളുമായി അമേരിക്കയില്‍ എത്തിയവരാണ്. പിന്നീട് അതിന്റെ കാലാവധി അവസാനിച്ചതോടെ അവരെയെല്ലാം അനധികൃത കുടിയേറ്റക്കാരായി മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. യു.എസില്‍ താമസിക്കുന്ന പഞ്ചാബികളുടെ ആശങ്കകള്‍ അറിയിക്കുന്നതിനായി വരും ദിവസങ്ങളില്‍ തന്നെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി അറിയിച്ചു

ലോകത്തിന്റെ ഏതുകോണിലുമുള്ള അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. ഇതിനുള്ള വിദ്യാഭ്യാസവും കഴിവും ആര്‍ജിക്കുകയും വേണം. എന്നാല്‍, നിയമം അനുശാസിക്കുന്ന മാര്‍ഗങ്ങളിലൂടെ വേണം ഇതിനായി വിദേശ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ പോകാനെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിദേശ വിദ്യാഭ്യാസത്തിനും മറ്റും പോകാന്‍ ഉദേശിക്കുന്നവര്‍ ആദ്യം ഭാഷയില്‍ ഉള്‍പ്പെടെ പ്രാവീണ്യം നേടണമെന്നും അദ്ദേഹം പറയുന്നു.

യു.എസില്‍ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രാജ്യസഭാ എം.പിയും ബി.സി.സി.ഐ. വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ലയും രംഗത്തെത്തിയിട്ടുണ്ട്. 7.25 ലക്ഷം ഇന്ത്യക്കാരെയാണ് അനധികൃത കുടിയേറ്റക്കാരായി യു.എസ് കണ്ടെത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി അമേരിക്കയില്‍ കഴിയുന്ന ആളുകളാണവര്‍. അവിടെ അവര്‍ നന്നായി സമ്പാദിച്ചിരുന്നെങ്കിലും ഇന്ത്യയില്‍ അവര്‍ക്ക് കാര്യമായ സമ്പാദ്യം ഉണ്ടാകാനിടയില്ല. സമ്പന്നതയില്‍ നിന്ന് പെട്ടെന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയാണ് ഇത്തരക്കാര്‍ക്ക് ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരുടെ ആദ്യ ബാച്ച് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. യു.എസ്. സൈന്യത്തിന്റെ സി-17 എയര്‍ക്രാഫ്റ്റാണ് 205 ഇന്ത്യക്കാരുമായി എത്തുന്നത്. അമേരിക്കയില്‍ നിന്നെത്തുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കാന്‍ ആവശ്യമായ നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചാബ് ഡി.ജി.പിയും അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments