Thursday, May 29, 2025
HomeAmericaഛിന്നഗ്രഹത്തിന് പേരിടാനായി ഇന്ത്യക്കാരനായ വിദ്യാര്‍ഥിയെ ക്ഷണിച്ച് നാസ

ഛിന്നഗ്രഹത്തിന് പേരിടാനായി ഇന്ത്യക്കാരനായ വിദ്യാര്‍ഥിയെ ക്ഷണിച്ച് നാസ

വാഷിംഗ്ടൺ: ഛിന്നഗ്രഹത്തിന് പേരിടാനായി ഇന്ത്യക്കാരനായ വിദ്യാര്‍ഥിയെ ക്ഷണിച്ച് യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസ. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നുള്ള 14-കാരന്‍ ദക്ഷ് മാലികിനാണ് നാസയുടെ ക്ഷണം ലഭിച്ചത്. ഇന്റര്‍നാഷണല്‍ ആസ്റ്ററോയിഡ് ഡിസ്‌കവറി പ്രൊജക്റ്റിന് (ഐ.എ.ഡി.പി) കീഴില്‍ ദക്ഷ് തന്നെ കണ്ടെത്തിയ ഛിന്നഗ്രഹത്തിന് പേരിടാനുള്ള അവസരമാണ് നാസ ഒരുക്കിയിരിക്കുന്നത്.

2023 ഒ.ജി 40 എന്നാണ് ഒമ്പതാം ക്ലാസുകാരനായ ദക്ഷ് കണ്ടെത്തിയ ഛിന്നഗ്രഹത്തിന് താത്കാലികമായി പേര് നല്‍കിയിരിക്കുന്നത്. 2023-ല്‍ കണ്ടെത്തിയതിനാലാണ് താത്കാലികമായി നല്‍കിയ പേരില്‍ ‘2023’ എന്നും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷ് തിരഞ്ഞെടുത്ത് നല്‍കുന്ന പേരിലാകും ഭാവിയില്‍ ഈ ഛിന്നഗ്രഹം സ്ഥിരമായി അറിയപ്പെടുക.

ഒന്നരവര്‍ഷമായി ദക്ഷ് മാലികും രണ്ട് സുഹൃത്തുക്കളും ഐ.എ.ഡി.പി. വഴി ഛിന്നഗ്രഹങ്ങളുടെ പിന്നാലെയുണ്ട്. സ്‌കൂളിലെ ജ്യോതിശാസ്ത്ര ക്ലബ്ബ് ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ സെര്‍ച്ച് കൊളാബറേഷന് (ഐ.എ.എസ്.സി) ഇ-മെയില്‍ അയച്ചതോടെയാണ് മൂവര്‍ക്കും ഇതിനുള്ള അവസരം ലഭിച്ചത്.

സ്വപ്‌നം യാഥാര്‍ഥ്യമായ അനുഭവമാണ് ഇതെന്ന് ദക്ഷ് പ്രതികരിച്ചു. നാസയ്ക്കായി ജോലി ചെയ്യുന്നതുപോലെയാണ് തോന്നുന്നത്. ബഹിരാകാശം തനിക്ക് ഏറെ ഇഷ്ടമാണ്. നാഷണല്‍ ജ്യോഗ്രഫിയില്‍ ഗ്രഹങ്ങളേയും സൗരയൂഥത്തേയും കുറിച്ചുള്ള ഡോക്യുമെന്ററികള്‍ താന്‍ കാണാറുണ്ട്. ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നത് രസകരമായ കാര്യമാണെന്നും ദക്ഷ് പറഞ്ഞു.

ഐ.എ.എസ്.സിയില്‍ നിന്ന് ഡാറ്റാസെറ്റ് ഡൗണ്‍ലോഡ് ചെയ്താണ് ദക്ഷും സുഹൃത്തുക്കളും ഛിന്നഗ്രഹങ്ങളെ ‘വേട്ടയാടിയത്’. ആസ്‌ട്രോണമിക്ക എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ അപഗ്രഥിച്ചശേഷമാണ് ഇവര്‍ ഛിന്നഗ്രഹങ്ങള്‍ പോലുള്ള ബഹിരാകാശ വസ്തുക്കളെ തിരഞ്ഞത്. കണ്ടെത്തിയ ഛിന്നഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ നാസ സ്ഥിരീകരിച്ച ശേഷമാണ് കണ്ടെത്തിയ വ്യക്തിയെ പേരിടാനായി ക്ഷണിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments