Friday, December 5, 2025
HomeNewsപ്രിയങ്ക​ ​ഗാന്ധി നാളെ വയനാട്ടിൽ എത്തുന്നു

പ്രിയങ്ക​ ​ഗാന്ധി നാളെ വയനാട്ടിൽ എത്തുന്നു

വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കാൻ പ്രിയങ്ക​ ​ഗാന്ധി എം പി നാളെ എത്തും. ഫോറസ്റ്റ് ഓഫീസില്‍ ഉദ്യോഗസ്ഥരുമായി പ്രിയങ്ക ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇതിന് ശേഷം ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീടും പ്രിയങ്ക സന്ദര്‍ശിക്കും. പിന്നാലെ ഡല്‍ഹിക്ക് മടങ്ങും

രാധയെ കടുവ ആക്രമിച്ച് കൊന്നതിന് പിന്നാലെ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. വയനാട്ടില്‍ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.

പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു 47കാരിയായ രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തണ്ടര്‍ബോള്‍ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയായിരുന്നു രാധ. കാപ്പിക്കുരു പറിക്കുന്നതിനായി എസ്റ്റേറ്റിലെത്തിയ രാധയെ കടുവ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. രാധയുടെ കഴുത്തിൽ കടിച്ചുവലിച്ച കടുവ 100 മീറ്ററോളം വലിച്ചിഴച്ചിരുന്നു. സംഭവം വാർത്തയായതിന് പിന്നാലെ വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സ്ഥലത്തെത്തിയ മന്ത്രി ഒ ആർ കേളുവിനെതിരെയും പ്രതിഷേധമുയർന്നു. ഇതിന് പിന്നാലെ രാധയുടെ കുടുംബത്തിൽ ഒരാൾക്ക് താത്ക്കാലിക ജോലി നൽകുമെന്ന പ്രഖ്യാപനവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തി. ജനരോഷം അലയടിച്ചതോടെ കടുവയെ വെടിവെച്ച് കൊല്ലാൻ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചു. ചീഫ് വൈൽഡ് വാർഡൻ കടുവയെ കൊല്ലാൻ ഉത്തരവിറക്കി

കടുവ പഞ്ചാരക്കൊല്ലിൽ തന്നെ നിലയുറപ്പിച്ചിരിക്കുന്നതായി വ്യക്തമായതോടെ ജില്ലാ ഭരണകൂടം നിരോധനാജ്ഞയും കർഫ്യൂവും പ്രഖ്യാപിച്ചു. പൊലീസ് വനംവകുപ്പ് ചീഫ് വെറ്റിറനറി സര്‍ജന്‍ അരുണ്‍ സക്കറിയ അടക്കമുള്ള സംഘം സ്ഥലത്തെത്തി. കടുവയ്ക്കായി വനംവകുപ്പും പൊലീസും വലവിരിച്ച് കാത്തിരിക്കെ ഇന്ന് രാവിലെ വയനാട് പിലാക്കലിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയ നരഭോജി കടുവ കൊല്ലപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. രാധയെ കൊലപ്പെടുത്തിയ കടുവ തന്നെയാണ് ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോട്ടത്തില്‍ കടുവയുടെ വയറ്റില്‍ നിന്ന് രാധയുടെ ശരീരാവശിഷ്ടങ്ങളും കമ്മലും സാരിയുടെ ഭാഗങ്ങളും കണ്ടെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments