ന്യൂ ഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ആം ആദ്മി പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. ‘കെജ്‌രിവാൾ കി ഗ്യാരന്റി’ എന്ന് തുടങ്ങുന്ന പ്രകടനപത്രികയിൽ സർക്കാർ നിലവിൽ നൽകിപ്പോരുന്ന സൗജന്യങ്ങൾ നിലനിർത്തിയുള്ള വലിയ പ്രഖ്യാപനങ്ങളാണുള്ളത്.
ഡൽഹിയിലെ എല്ലാ ജനങ്ങൾക്കും തൊഴിൽ എന്നതാണ് പ്രധാന പ്രഖ്യാപനം. ആകെ രണ്ട് ശതമാനം ആളുകളാണ് ഡൽഹിയിൽ തൊഴിൽ ഇല്ലാതെയുള്ളത്. ഇവർക്ക് കൂടി തൊഴിൽ നൽകി, തൊഴിലില്ലായ്മ പൂർണമായും രാജ്യ തലസ്ഥാനത്ത് നിന്ന് നീക്കാൻ കെജ്‌രിവാൾ ലക്ഷ്യമിടുന്നു.
വനിതകൾക്ക് മാസം 2100 രൂപ നൽകുന്ന മഹിളാ സമ്മാൻ യോജന പദ്ധതി, അധികാരത്തിലെത്തിയാൽ എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് ആം ആദ്മി ഉറപ്പ് നൽകുന്നു. 60 വയസിന് മുകളിലുളള വയോജനങ്ങൾക്ക് എല്ലാ ആശുപത്രികളിലും കൃത്യമായ ചികിത്സ, സൗജന്യ വെള്ളം, ദളിത് വിദ്യാർത്ഥികളുടെ വിദേശ പഠനം ഏറ്റെടുക്കൽ, മെട്രോയിൽ വിദ്യാർത്ഥികൾക്ക് 50% സബ്‌സിഡി, സൗജന്യ ബസ് യാത്ര തുടങ്ങിയ പല കാര്യങ്ങളും പ്രകടനപത്രികയിലുണ്ട്.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള എഴുപത് സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. പത്രികകളുടെ സൂക്ഷപരിശോധന ജനുവരി 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. ഉത്തർപ്രദേശിലെ മിൽക്കിപ്പൂർ, തമിഴ്‌നാട്ടിലെ ഈറോഡ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 5ന് നടക്കും.