തിരുവനന്തപുരം: എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിൽ ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലൊരു വ്യവസായം തുടങ്ങുന്നതിന് എങ്ങനെയാണ് ടെൻഡർ വിളിക്കുക. ഇനിയും നിക്ഷേപകർ ഗുണപരമായ നിർദേശങ്ങളുമായി വന്നാൽ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
ബ്രൂവറി, എഥനോൾ എന്നൊക്കെ കുറച്ച് ദിവസമായി മത്സരിച്ച് പറയുന്നുണ്ട്. മുൻ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിൽ ഇത് ഉന്നയിച്ചു. ഇക്കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. സർക്കാരിന്റെ 2022-23 മദ്യനയത്തിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നുണ്ട്. ഇന്ത്യൻ നിർമിത വിദേശമദ്യവും ബിയറും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മാത്രമല്ല, ഇന്ത്യൻ നിർമിത വിദേശമദ്യം നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുവായ ഇഎൻഎ (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) പൂർണമായി സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്യുകയാണ്.
കേരളത്തിൽ നിർമിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിൽ നല്ലൊരു പങ്കും സംസ്ഥാനത്തിന് പുറത്തുള്ള മദ്യഉത്പാദന കമ്പനികൾ കേരളത്തിലെ ഡിസ്റ്റിലറികളിലൂടെ ടൈ അപ്പ് വഴി നിർമിക്കുന്നതാണ്. ഇതുമൂലം സംസ്ഥാനത്തിനുണ്ടാകേണ്ട വരുമാനവും തൊഴിൽ അവസരങ്ങളും നഷ്ടപ്പെടുകയാണ്. കേരളത്തിന് ആവശ്യമായ ഇന്ത്യൻ നിർമ്മിത വിദേശമദ്യമോ, ബിയറോ ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല. അതിനുള്ള പരിഹാരം കേരളത്തിൽ നിലവിലുള്ള സ്ഥാപനങ്ങളിൽ ഉത്പാദനം വർധിപ്പിക്കുക, പുതിയ യൂണിറ്റുകൾ ആരംഭിക്കുക എന്നിവയാണ്. അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.
സംസ്ഥാനത്ത് മദ്യ ഉത്പാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള പ്രോത്സാഹനം നൽകും. ആയതിന് തയ്യാറാകുന്ന ഡിസ്റ്റിലറികൾക്കും പുതിയ യൂണിറ്റുകൾക്കും അനുമതി നൽകും. നിലവിലുള്ള നിയമം അനുസരിച്ച് യോഗ്യതയുള്ളവർക്ക് ബ്രൂവറി ലൈസൻസ് അനുവദിക്കും. 2023-24 ലെ മദ്യനയത്തിന്റെ ആമുഖത്തിൽ ‘സംസ്ഥാനത്തെ ഉപഭോഗത്തിന് ആവശ്യമായ ഇന്ത്യൻ നിർമിത വിദേശ മദ്യവും ബിയറും ഇവിടെത്തന്നെ നിർമിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ഇതിൽ കൂടുതൽ എന്ത് വിശദീകരണമാണ് വേണ്ടത്’, അദ്ദേഹം പറഞ്ഞു.
“മദ്യനയത്തിൽ സർക്കാർ പ്രഖ്യാപിച്ച കാര്യങ്ങളാണ് നടപ്പാക്കാൻ ഉദ്ദേശിച്ചത്. കേരളത്തിൽ നിലവിൽ 10 ഡിസ്റ്റിലറിയും എട്ട് ബ്ലൻഡിംഗ് യൂണിറ്റും രണ്ട് ബ്രുവറിയും പ്രവർത്തിക്കുന്നുണ്ട്. പത്ത് ഡിസ്റ്റിലറിയിൽ ഏഴും ആരംഭിച്ചത് കോൺഗ്രസ് ഭാഗമായ സർക്കാരുകൾ ഭരിക്കുമ്പോഴാണ്. ബ്രൂവറി രണ്ടും ആരംഭിച്ചത് കോൺഗ്രസ് കാലത്ത്. ടെൻഡർ വിളിച്ചിട്ടായിരുന്നോ ഇതിലേതെങ്കിലും ആരംഭിച്ചത്. വ്യവസായ നിക്ഷേപങ്ങൾ ടെൻഡർ വിളിച്ചല്ല അനുവദിക്കാറുള്ളത്. നാട്ടിൽ ഒരു വ്യവസായം തുടങ്ങുന്നതിന് എങ്ങനെയാണ് ടെൻഡർ വിളിക്കുന്നത്.
ഇനിയും നിക്ഷേപകർ ഇതുപോലെ ഗുണപരമായ നിർദേശവുമായി വന്നാൽ സർക്കാർ പ്രോത്സാഹിപ്പിക്കും. കേന്ദ്രസർക്കാരിന്റെ എണ്ണക്കമ്പനികൾക്കുള്ള എഥനോൾ നിർമാണത്തിന് കേരളത്തിൽ നിന്ന് സെലക്ഷൻ പ്രോസസിൽ തെരഞ്ഞെടുക്കപ്പെട്ടത് ഇവർ മാത്രമാണ്. കേന്ദ്രസർക്കാർ സുതാര്യമായ നടപടികളിലൂടെ നടത്തിയ സെലക്ഷൻ പ്രോസസിലൂടെയാണ് ഈ തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്.
1999ലെ ഉത്തരവിന്റെ കാര്യം ഇവിടെ ഉന്നയിച്ചു. അന്ന് നിലവിലുണ്ടായിരുന്ന അപേക്ഷകളുടെ കാര്യത്തിലെ തീരുമാനമായാണ് ആ ഉത്തരവ് പുറത്തിറങ്ങിയത്. ഇതിന് ശേഷവും കേരളത്തിൽ മദ്യനിർമ്മാണ ശാലകൾ ആരംഭിച്ചിട്ടുണ്ട്. 2000 ൽ രണ്ട് ബ്ലൻഡിംഗ് ആൻഡ് ബോട്ട്ലിംഗ് പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചു. 2003ലെ യുഡിഎഫ് ഭരണകാലത്താണ് തൃശൂരിലെ മലബാർ ബ്രൂവറി ബിയർ നിർമാണം തുടങ്ങിയത്. പ്രവർത്തനാനുമതി നൽകാൻ തടസമൊന്നും ഉണ്ടായിട്ടില്ല. 2022ലാണ് പാലക്കാട് മലബാർ ഡിസ്റ്റിലറിക്ക് ബ്ലൻഡിംഗ് യൂണിറ്റ് നിർമിക്കാൻ അനുമതി നൽകിയത്. 1999ലെ ഉത്തരവ് ആ സമയത്തേക്കുള്ള ഉത്തരവ് മാത്രമാണ് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഇവിടെ സർക്കാർ അംഗീകരിച്ച് പ്രഖ്യാപിച്ച മദ്യ നയത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളേ ഉണ്ടായിട്ടുള്ളൂ.
2024ൽ കേരളത്തിലേക്ക് എത്തിയത് 39.55 കോടി ലിറ്റർ ഇ.എൻ.എ.യും എഥനോളും എന്നാണ് എക്സൈസ് കണക്കുകൾ. ഡിസ്റ്റിലറികൾക്ക് വേണ്ടി 9.21 കോടി ലിറ്റർ ഇഎൻഎ, എണ്ണക്കമ്പനികൾക്കായി 30.28 കോടി ലിറ്റർ എത്തനോൾ, 8.34 ലക്ഷം ഇൻഡസ്ട്രിയൽ സ്പിരിറ്റ് എന്നാണ് കണക്ക്. ഇതിൽ പകുതിയോളം എത്തിച്ചത് മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. മൂവായിരം കോടിയിലേറെ രൂപയാണ് ഇങ്ങനെ അന്യ സംസ്ഥാനത്തേക്ക് ഒഴുകുന്നത്. ശരാശരി ലിറ്ററിന് പത്ത് രൂപ ട്രാൻസ്പോർട്ടേഷൻ ചാർജ് വരും. അങ്ങനെ വന്നാൽ മാത്രം നാന്നൂറ് കോടിയോളം രൂപ ട്രാൻസ്പോർട്ടേഷൻ ചാർജ്.
കേരളത്തിൽ നിർമാണം ആരംഭിച്ചാൽ ട്രാൻസ്പോർട്ടേഷൻ ചാർജ് രണ്ടു രൂപയായി കുറയും. ഈ ഇനത്തിൽ മാത്രം 300 കോടിയിലധികം രൂപ സംസ്ഥാനത്തിന് ലാഭിക്കാൻ കഴിയും. 600 കോടി രൂപയുടെ വികസന പദ്ധതി പ്രാദേശിക സാമ്പത്തിക വികസനത്തിന് മുതൽക്കൂട്ടാകും. സ്ഥാപനത്തിന്റെ ഭാഗമായി നടക്കുന്ന വ്യാപാര ഇടപാടുകളും വലിയ നേട്ടമാവും. 600 കോടി നിക്ഷേപമാണ് പദ്ധതിയിലൂടെ ലഭ്യമാകുന്നത്”. പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ 650 പേർക്ക് നേരിട്ടും 2000 പേർക്ക് പരോക്ഷമായും തൊഴിൽ ഉറപ്പാക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.