വാഷിംങ്ടൺ: 2021 ജനുവരി 6ന് ക്യാപിറ്റോൾ ഹില്ലിൽ അതിക്രമിച്ചു കയറിയ അനുയായികൾക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റ് കൂട്ട മാപ്പ് നൽകിയതിനെതിരെ കടുത്ത ശാസനകൾ നടത്തി മൂന്ന് ഫെഡറൽ ജഡ്ജിമാർ.
അധികാരമേറ്റ ആദ്യ ദിവസം ട്രംപ് കലാപകാരികൾക്ക് നൽകിയ മാപ്പ് പല കോണുകളിൽനിന്നും വിമർശനത്തിനിടയാക്കിയിരുന്നു.തന്റെ രണ്ടാം തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടൻ ട്രംപ് ‘പ്രൗഡ് ബോയ്‌സ്’, ‘ഓത്ത് കീപ്പേഴ്‌സ്’ എന്നീ സംഘങ്ങളിലെ 14 അംഗങ്ങൾ ഉൾപ്പെടെ ആക്രമണവുമായി ബന്ധപ്പെട്ട 1,500ലധികം പേർക്ക് മാപ്പ് നൽകി. ജോ ബൈഡന്റെ 2020ലെ പ്രസിഡന്റ് വിജയത്തിന്റെ സർട്ടിഫിക്കേഷൻ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടായിരുന്നു കലാപം.
കലാപത്തിലെ പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ ജില്ലാ ജഡ്ജി തന്യാ ചുത്കൻ തള്ളിക്കളഞ്ഞുവെങ്കിലും രൂക്ഷമായ വിമർശനം ഉന്നയിച്ചു. ‘2021 ജനുവരി 6ന് സംഭവിച്ച ദാരുണമായ സംഭവത്തെ ഒന്നുകൊണ്ടും മാറ്റാൻ കഴിയില്ല. ആൾക്കൂട്ടം അതിന്റെ അക്രമാസക്തതയിൽ ഉപേക്ഷിച്ച രക്തത്തെയും മാലിന്യത്തെയും ഭീകരതയെയും വെള്ളപൂശാൻ കഴിയില്ല. സമാധാനപരമായി അധികാരം കൈമാറ്റം ചെയ്യാനുള്ള അമേരിക്കയുടെ പവിത്രമായ പാരമ്പര്യത്തിന്റെ ലംഘനം പരിഹാരമില്ലാത്തതാണ്’ – ജഡ്ജി പറഞ്ഞു.