കുവൈത്ത് സിറ്റി: ക്രൂഡ് ഓയില്‍ പര്യവേക്ഷണത്തില്‍ നിർണ്ണായക കണ്ടെത്തലുമായി കുവൈത്ത്. സർക്കാർ ഉടമസ്ഥതയിലുള്ള കുവൈറ്റ് ഓയിൽ കമ്പനി (കെഒസി) അൽ-ജ്ലായാ ഓഫ്‌ഷോർ ഫീൽഡിൽ വലിയ തോതിലുള്ള ക്രൂഡ് ഓയില്‍, പ്രകൃതി വാതക ശേഖരത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. വന്‍തോതിലുള്ള വാണിജ്യ അളവിലുള്ള ഹൈഡ്രോകാർബണുകളാണ് മേഖലയില്‍ കണ്ടെത്തിയിരിക്കുന്നത്
74 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശത്തെ കരുതൽ ശേഖരത്തിൽ 800 ദശലക്ഷം ഇടത്തരം ബാരൽ ക്രൂഡ് ഓയിലും 600 ബില്യൺ സ്റ്റാൻഡേർഡ് ക്യുബിക് അടി പ്രകൃതി വാതകവും അടങ്ങിയിരിക്കുന്നുവെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള കുവൈറ്റ് വാർത്താ ഏജൻസി തന്നെ വ്യക്തമാക്കുന്നു. മേഖലയില്‍ കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതി വാതകവും കണ്ടെത്താനുള്ള സാധ്യതയും റിപ്പോർട്ട് മുന്നോട്ട് വെക്കുന്നുണ്ട്.
പുതിയ കണ്ടെത്തല്‍ കുവൈത്തിന് സാമ്പത്തിക മേഖലയില്‍ അടക്കം വലിയ കുതിപ്പുണ്ടാക്കും എന്നതില്‍ സംശയമില്ല. 2024 ജൂലൈയിൽ അൽ-നൊഖാത ഫീൽഡിൽ 3.2 ബില്യൺ ബാരൽ എണ്ണയ്ക്ക് തുല്യമായ ക്രൂഡ് ഓയില്‍ ശേഖരവും കുവൈത്ത് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അൽ-ജ്ലായാ ഓഫ്‌ഷോർ ഫീൽഡിലേയും അധിക ക്രൂഡ് ഓയില്‍ ശേഖരത്തിന്റേയും പ്രകൃതിവാതകത്തിന്റേയും സാന്നിധ്യം കണ്ടെത്തിയത്.