കുവൈത്ത് സിറ്റി : കുവൈത്ത് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹ് അന്തരിച്ചു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. 1942-ജനുവരി നാലിനായിരുന്നു ജനനം. 2011 നവംബര്‍ മുതല്‍ ഷെയ്ഖ് ജാബര്‍ മുബാറക് അല്‍ സബാഹ് 2019-വരെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരുന്നു.
1968-ല്‍ ഷെയ്ഖ് ജാബര്‍ മുബാറക് അമീരി ദിവാനില്‍ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് സൂപ്പര്‍വൈസറായിട്ടാണ് ജോലി ആരംഭിച്ചത്. തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍, അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു.
1979 മാര്‍ച്ച് 19-ന് ഷെയ്ഖ് ജാബര്‍ ഹവല്ലി ഗവര്‍ണറായി നിയമിതനായി. പിന്നീട് അഹമ്മദിയുടെ ഗവര്‍ണറായി സേവനമനുഷ്ഠിച്ച അദ്ദേഹം സാമൂഹ്യകാര്യ-തൊഴില്‍ മന്ത്രി, വാര്‍ത്താവിതരണ മന്ത്രി, അമീറിന്‍റെ ഓഫീസിലെ ഉപദേഷ്ടാവ് തുടങ്ങി വിവിധ മന്ത്രിപദങ്ങള്‍ വഹിച്ചു.
2001 ഫെബ്രുവരി 14-ന് ഷെയ്ഖ് ജാബര്‍ അല്‍ മുബാറക്ക് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി തിരഞ്ഞെടുക്കപ്പെട്ടു. 2003 ജൂലായ് 14-ന് രൂപീകരിച്ച ഗവണ്‍മെന്‍റില്‍ അദ്ദേഹം ഈ സ്ഥാനങ്ങളില്‍ വീണ്ടും നിയമിതനായി. 2006 ഫെബ്രുവരി 9-ന് ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നീ സ്ഥാനങ്ങളില്‍ അദ്ദേഹത്തെ സ്ഥാനക്കയറ്റം നല്‍കി. ജൂലൈയില്‍ രൂപീകരിച്ച മന്ത്രിസഭകളിലും പ്രസ്തുത സ്ഥാനങ്ങള്‍ നിലനിര്‍ത്തി. തുടര്‍ന്ന്, 2011-ല്‍ പ്രധാനമന്ത്രിയാകുന്നത് വരെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.