ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പായതിന് പിന്നാലെ രാജിവെച്ച് മന്ത്രിമാർ. ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറും അദ്ദേഹത്തിന്റെ പാർട്ടിയായ ഒട്സ്മ യെഹുദീതിൽ നിന്നുള്ള മറ്റ് രണ്ട് പേരുമാണ് രാജിവെച്ചത്. വെടിനിർത്തൽ കരാറിൽ പ്രതിഷേധിച്ചാണ് തീരുമാനം. സഖ്യം വിടുകയാണെന്നും അതേസമയം അതേസമയം, നെതന്യാഹു സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കില്ലെന്നും പാർട്ടി വ്യക്തമാക്കി.
വെടി നിർത്തൽ കരാറിൽ ഏർപ്പെടാനുള്ള തീരുമാനം ഹമാസിന് മുന്നിൽ കീഴടങ്ങലാണെന്ന് പാർട്ടി പ്രസ്താവനയിൽ ആരോപിച്ചു. നൂറുകണക്കിന് കൊലപാതകികളെ മോചിപ്പിക്കാനുള്ള ശ്രമം ഗാസയിലെ ഇസ്രായേൽ സൈന്യത്തിൻ്റെ ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നതിന് തുല്യമാണെന്നും ദ്വിർ ആരോപിച്ചു. വെടിനിർത്തൽ കരാറിൽ ഏർപ്പെടാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ തന്നെ ഗ്വിർ രാജി ഭീഷണി മുഴക്കിയിരുന്നു. അതേസമയം ഗ്വിറിന്റെ പാർട്ടി സഖ്യം വിട്ടാലും അത് സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ല. ഇപ്പോഴും നെതന്യാഹുവിന് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ട്.
ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. പട്ടിക കൈമാറിയില്ലെങ്കിൽ കരാർ നടപ്പാകില്ലെന്ന് ഇസ്രായേൽ ആദ്യം നിലപാടെടുത്തിരുന്നു. തുടർന്ന് ഇന്ന് മൂന്ന് പേരുടെ പട്ടിക ഹമാസ് കൈമാറുകയായിരുന്നു. റൊമാനിയൻ പൗരയും രണ്ട് ബ്രിട്ടീഷ് പൗരൻമാരേയുമാണ് ഇന്ന് വിട്ടയക്കുക. കരാർ പ്രകാരം ഹമാസ് പിടികൂടിയ 100 പേരെ വിട്ടയക്കാനാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഇസ്രായേലും പാലസ്തീൻ ബന്ദികളെ കൈമാറും.
അതിനിടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പന്നാലെ സഹായങ്ങളുമായുള്ള ആദ്യ ട്രക്ക് ഗാസയിൽ എത്തി.യുഎൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ട്രെക്ക് ഏതുവഴി എത്തിച്ചുവെന്നത് അടക്കമുള്ള വിവരങ്ങൾ യുഎൻ വ്യക്തമാക്കിയിട്ടില്ല. എന്നാൽ 197 ട്രക്കുകളും അഞ്ച് ഇന്ധന ട്രക്കുകളും ഇസ്രായേലിൽ നിന്നുള്ള കെരെം ഷാലോം ക്രോസിംഗ് വഴിയും ഈജിപ്തിനും ഇസ്രായേലിനുമിടയിലുള്ള അൽ-ഓഗ/നിറ്റ്‌സാന ക്രോസിംഗ് വഴിയും ഗാസയിൽ പ്രവേശിച്ചതായി ഇസ്രായേലിൽ നിന്നുള്ള സ്ത്രോതസുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മാസം നീണ്ട് നിന്ന് യുദ്ധത്തിനും സംഘർഷത്തിനുമാണ് വെടിനിർത്തൽ കരാറിലൂടെ അവസാനമായിരിക്കുന്നത്. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ പേജർ ആക്രമണത്തിന് പിന്നാലെയാണ് ഗാസയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്. ഇസ്രായേൽ ആക്രമണത്തിൽ രാജ്യത്ത് 48,000 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. ആയിരങ്ങളാണ് രാജ്യത്ത് നിന്ന് പലായനം ചെയ്തത്.