തിരുവനന്തപുരം: കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ കൊലപ്പെടുത്തിയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വം എന്ന് പ്രോസിക്യൂഷന്‍. പാറശ്ശാല ഷാരോണ്‍ കൊലപാതക കേസില്‍ കോടതിയില്‍ ഇന്ന് അന്തിമ വാദം നടക്കവെയാണ് പ്രോസിക്യൂഷന്‍ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് ചൂണ്ടിക്കാട്ടിയത്.
പാറശ്ശാല ഷാരോണ്‍ രാജ് എന്ന 23കാരനെ 22കാരിയായ കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കേസില്‍ ശിക്ഷാ വിധിക്ക് മുമ്പുള്ള അന്തിമ വാദമാണ് ഇന്ന് നടന്നത്. പ്രതി കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. പരാമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ തനിക്ക് 24 വയസ് മാത്രമാണ് പ്രായമെന്നും, തുടര്‍ പഠനത്തിനായി പോകണമെന്നും ഒന്നാം പ്രതി ഗ്രീഷ്മക്ക് വേണ്ടി എതിര്‍ഭാഗം അഭിഭാഷകനും കോടതിയില്‍ പറഞ്ഞു.
2022 ഒക്ടോബര്‍ 14നാണ് ഷാരോണ്‍ രാജിന് ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25നാണ് ഷാരോണ്‍രാജ് മരിച്ചത്.