അഹ്മദാബാദ് : അദാനി ഗ്രൂപ്പിന്റെ പ്രതിരോധ കമ്പനിയിൽ നിർമിച്ച ഡ്രോൺ പരീക്ഷണ പറക്കലിനിടെ തകർന്നുവീണത് വലിയ വാർത്തയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ പോർബന്തറിലായിരുന്നു അപകടം. ഇന്ത്യൻ നാവികസേന വാങ്ങാനിരുന്ന ഡ്രോൺ ആണ് തകർന്നു വീണതെന്നാണു പുറത്തുവരുന്ന വിവരം. ഏകദേശം 120 കോടി രൂപ വിലമതിക്കുന്നതാണ് ഇതെന്നും റിപ്പോർട്ടുണ്ട്.
ഹൈദരാബാദിലുള്ള അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് പ്ലാന്റിൽ നിർമിച്ച ‘ദൃഷ്ടി 10’ സ്റ്റാർലൈനർ ഡ്രോൺ ആണ് അപകടത്തിൽപെട്ടത്. ജനുവരി 13നായിരുന്നു പരിശോധനയുടെ ഭാഗമായി പരീക്ഷണ പറക്കൽ നടന്നത്. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പോർബന്തർ തീരത്ത് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണു വിവരം.
ഇസ്രായേൽ പ്രതിരോധ കമ്പനിയായ എൽബിറ്റ് സിസ്റ്റവുമായി സഹകരിച്ചാണ് അദാനി ഗ്രൂപ്പ് ഹൈദരാബാദിൽ ഡ്രോൺ നിർമിക്കുന്നത്. എൽബിറ്റിന്റെ ‘ഹെർമസ് 900’ സ്റ്റാർലൈനറിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചു തദ്ദേശീയമായി വികസിപ്പിച്ചതാണ് ‘ദൃഷ്ടി 10’. സമുദ്രനിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനുമായി(ഐഎസ്ആർ) പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഡ്രോൺ ആണിത്.
2023ലാണ് ഐഎസ്ആർ ഡ്രോണുകൾ നിർമിച്ചുനൽകാനായി അദാനി ഗ്രൂപ്പുമായി പ്രതിരോധ വകുപ്പ് കരാറുണ്ടാക്കിയത്. നാവികസേനയ്ക്കും കരസേനയ്ക്കും ഓരോന്നു വീതമായിരുന്നു ഓർഡർ ചെയ്തിരുന്നത്. ഇതിൽ ഒരു ഡ്രോണിന് 120 കോടി രൂപയോളം വില വരുമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു. ഡ്രോൺ നിർമാണരംഗത്ത് ഒരു മുൻപരിചയവുമില്ലാത്ത അദാനി ഗ്രൂപ്പുമായി ഇത്തരമൊരു കരാറുണ്ടാക്കുന്നതിനെതിരെ പ്രതിപക്ഷത്തുനിന്ന് ഉൾപ്പെടെ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ, കേന്ദ്രം നീക്കത്തിൽനിന്നു പിന്മാറിയില്ല.