ലാന്‍ഹാം, മേരിലാന്‍ഡ്: ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. തണുത്ത കാലാവസ്ഥയെ പോലും മറികടന്ന് നിരവധി ഭക്തരാണ് ശരണം വിളികളോടെ ചടങ്ങുകളില്‍ പങ്കുചേര്‍ന്നത്. പ്രത്യേക പൂജകളും വഴിപാടുകളും ക്ഷേത്രത്തിലുണ്ടായിരുന്നു. 41 ദിവസം നീണ്ടുനില്‍ക്കുന്ന അയ്യപ്പ മണ്ഡല കാലത്തിന്റെ സമാപനം കുറിക്കുന്ന ഉത്സവമാണ് മകരവിളക്ക്. മകരസംക്രാന്തിയോട് അനുബന്ധിച്ചു നടക്കുന്ന ഈ സവിശേഷ മുഹൂര്‍ത്തത്തില്‍ ഇന്ത്യയിലെ മിക്ക ക്ഷേത്രങ്ങളിലും പ്രത്യേക പൂജകള്‍ നടക്കും.
ഭക്തിയോടെ ശരണം വിളികള്‍ മുഴക്കി നിരവധി ഭക്തരാണ് പതിനെട്ട് പടി ചവിട്ടി ദര്‍ശനപൂണ്യം അണിഞ്ഞത്. രണ്ടായിരത്തിലേറെ ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. വൈകിട്ടു നടന്ന താലപ്പൊലി ഘോഷയാത്ര ഭക്തിസാന്ദ്രമായിരുന്നു. നിറദീപ ശോഭയോടെ നിരവധി സ്ത്രീകളാണ് അണിനിരന്നത്.
പൂജാദികര്‍മ്മങ്ങളില്‍ സജീവമായി പങ്കെടുത്ത പൂജാരിമാര്‍, ക്ഷേത്ര മാനേജര്‍, ബോര്‍ഡ് അംഗങ്ങള്‍, വാദ്യമേളക്കാര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ക്ക് ക്ഷേത്ര ചെയര്‍പേഴ്‌സണ്‍ നന്ദി അറിയിച്ചു. ഈ ഒത്തുചേരല്‍ ഐക്യത്തിന്റെ അടയാളമാണെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഗംഭീരമായി സംഘടിപ്പിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
പേട്ടതുള്ളല്‍, പ്രസാദവിതരണം, അന്നദാനം, ഹരിവരാസനം തുടങ്ങിയ ചടങ്ങുകളോടെയാണ് ഈ വര്‍ഷത്തെ മകരവിളക്ക് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്.