വാഷിംഗ്ടണ്‍ : 2022 മാര്‍ച്ചില്‍ ട്വിറ്ററിന്റെ (ഇപ്പോഴത്തെ എക്‌സ്) പൊതു ഓഹരിയുടെ 5%-ത്തിലധികം വാങ്ങിയ വിവരം മറച്ചുവെച്ചതില്‍ കോടീശ്വരനായ എലോണ്‍ മസ്‌കിനെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ (SEC) കേസ് ഫയല്‍ ചെയ്തു.
500 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ട്വിറ്റര്‍ ഓഹരികള്‍ കൃത്രിമമായി കുറഞ്ഞ വിലയ്ക്ക് വാങ്ങി മസ്‌ക് നിക്ഷേപകരെ ചൂഷണം ചെയ്തതായി വാഷിംഗ്ടണ്‍ ഡി.സി. ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ പറഞ്ഞു.
ചൊവ്വാഴ്ച ഫയല്‍ ചെയ്ത കേസില്‍ പിഴ നല്‍കാനും അന്യായമായി സമ്പാദിച്ച ലാഭം തിരികെ നല്‍കാനും കോടതി മസ്‌കിനോട് നിര്‍ദേശിക്കാനാകും സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ മസ്‌ക് 2022 ഒക്ടോബറില്‍ 44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ വാങ്ങുകയും പിന്നീട് ‘എക്‌സ്’ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തിരുന്നു.