കേരളാ അസോസിയേഷൻ ഓഫ് കണക്റ്റികട്ട് (KACT) സംഘടിപ്പിച്ച ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾ ന്യൂയിങ്ങ്ടൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും പരിപാടി വേറിട്ട അനുഭവം പകർന്നു.
കഴിഞ്ഞ വർഷത്തെ സംഘടനയുടെ നേട്ടങ്ങൾ പ്രതിപാദിച്ച് കെഎസിടി പ്രസിഡന്റ് വീണ പിള്ള പ്രസംഗിച്ചു. അംഗങ്ങളെ സംസ്കാര സംരക്ഷണത്തിന്റെയും പരസ്പര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ആവശ്യകതകൾ ഓർമപ്പെടുത്തുകയും അംഗങ്ങൾക്ക് ക്രിസ്തുമസ് -പുതുവത്സര ആശംസകൾ നേരുകയും ചെയ്തു.
വൻ സ്‌ത്രീ പങ്കാളിത്തത്തോടെ അരങ്ങേറിയ മെഗാ മാർഗ്ഗം കളി പരിപാടികളുടെ മാറ്റ് കൂട്ടി. കേരളത്തിന്റെ സമ്പന്നമായ പൈതൃകം പ്രദർശിപ്പിക്കുന്ന ഈ കലാരൂപം കണക്റ്റികട്ടിൽ ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത് .
ക്രിസ്തുമസിന്റെ സന്ദേശം പകർന്ന രംഗാവിഷ്കാരവും കുഞ്ഞു മാലാഖമാരുടെ നൃത്ത ചുവടുകളും കൂടിയ ഹൃദ്യമായ പ്രകടനങ്ങളോടെയാണ് സായാഹ്‌നം ആരംഭിച്ചത്. വൈസ് പ്രസിഡന്റ് സ്റ്റീഫൻ ജോസഫിന്റെ നേതൃത്വത്തിൽ സെൻറ് ജോൺസ് ക്‌നാനായ പള്ളി ഗായക സംഘം നടത്തിയ ക്രിസ്തുമസ് കരോൾ ആഘോഷ രാവിന് മാറ്റ് കൂട്ടി. പ്രഗത്ഭരായ പ്രദേശിക കലാകാരന്മാരുടെ മിന്നുന്ന നൃത്ത പരിപാടികളും മ്യൂസിക്കൽ മെഡ്‌ലിയും പരിപാടികൾക്ക് ചാരുതയേകി.
ആർട്സ് ക്ലബ് സെക്രട്ടറി അക്ഷത പ്രഭുവിന്റെ നേതൃത്വത്തിൽ മനോഹരമായി സംഘടിപ്പിച്ച പരിപാടികൾക്ക് ശേഷം, ഓഡിറ്റർമാരായ അജു മനോഹരൻ, ഷൈജു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ പരിപാടികളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുവാനും തീരുമാനമായി. ട്രഷറർ റിജോയ് അഗസ്‌റ്റിൻ വാർഷിക സാമ്പത്തിക കണക്കുകൾ അവതരിപ്പിച്ചു. പരിപാടികളുടെ വിജയത്തിനു സംഭാവന നൽകിയ സന്നദ്ധ പ്രവർത്തകർക്കും സ്പോൺസർമാർക്കും സംഘാംഗങ്ങൾക്കും സെക്രട്ടറി ശരത് ശിവദാസ് നന്ദി രേഖപ്പെടുത്തി.
അനൂപ് ശശികുമാർ വരുന്ന വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.
പ്രസിഡന്റ്: വീണ പിള്ള
വൈസ് പ്രസിഡന്റ്: ഷിബു ചെറിയാൻ
സെക്രട്ടറി: അതുൽ ദാസ്
ജോയിന്റ് സെക്രട്ടറി: പോത്തൻ കുര്യാക്കോസ്
ആർട്സ് ക്ലബ് സെക്രട്ടറി: അനു അനിൽകുമാർ
ജോയിന്റ് ആർട്സ് ക്ലബ് സെക്രട്ടറി: ജൂലിൻ ജോസ്
ട്രെഷറർ: റിജോയ് അഗസ്‌റ്റിൻ
ഓഡിറ്റർ: ജോൺസൺ ജോസഫ്
ഓഡിറ്റർ: പ്രിൻസ് ചെറിയാൻ
ഇലക്ഷൻ ഓഫീസർ: വിഷ്ണു നവനീത് നാരായണൻ
കൊച്ചിൻ ഹട്ട് റസ്‌റ്റോറന്റ് കേരളത്തനിമയോടെ ഒരുക്കിയ ഡിന്നറോടെ ആഘോഷങ്ങൾ സമാപിച്ചു.