തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികന്റെ മരണത്തിൽ ദുരൂഹത. സമാധി ഇരുത്തിയെന്ന് മക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും ബന്ധുക്കളും നാട്ടുകാരും പരാതിയുമായി രംഗത്ത് വന്നതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്. ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമിയുടെ (81) മരണത്തിലാണ് സംശയമുന നീളുന്നത്.
പിതാവ് സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കള്‍ പറയുന്നത്. സ്വന്തം ഇഷ്‌ടപ്രകാരം അദ്ദേഹത്തെ സമാധി ഇരുത്തിയതാണെന്നാണ് മക്കൾ അവകാശപ്പെടുന്നത്. വര്‍ഷങ്ങളായി വീടിനോട് ചേര്‍ന്ന് നിർമ്മിച്ച ഒരു ശിവക്ഷേത്രത്തിൽ പൂജാകര്‍മ്മങ്ങള്‍ ചെയ്‌തു വരികയായിരുന്നു മരണപ്പെട്ട ഗോപന്‍ സ്വാമി. നാട്ടില്‍ എല്ലാവരും ഗോപന്‍ സ്വാമി എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.
സംഭവത്തിന് പിന്നാലെ വിശദീകരണവുമായി ഗോപന്‍ സ്വാമിയുടെ ഇളയ മകന്‍ രാജസേനന്‍ എത്തി. അദ്ദേഹം പറയുന്നത് അച്ഛന് സമാധിയാകുമ്പോള്‍ ഇരിക്കാനുള്ള പത്മപീഠക്കല്ല്, ദളക്കല്ല് എന്നിവ അഞ്ചുവര്‍ഷം മുമ്പ് തന്നെ അച്ഛന്‍ മയിലാടിയില്‍നിന്ന് പ്രത്യേകമായി വരുത്തിയിരുന്നു. എന്നാല്‍ ഇന്നലെയാണ് സമാധിയാവാന്‍ സമയമായി എന്ന് അദ്ദേഹം പറഞ്ഞത്. ശേഷം സമാധിയാവാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്ന ഇടത്തേക്ക് പോയി. അവിടെ പീഠത്തില്‍ പത്മാസനത്തില്‍ ഇരുന്നു. ശേഷം എന്നെ അനുഗ്രഹിച്ചു. പിന്നാലെ പ്രാര്‍ത്ഥിച്ച് യോഗകലകളിലൂടെ പ്രാണശക്തികളെയെല്ലാം ഉണര്‍ത്തി, ഓരോ അനാഗത ചക്രത്തിലും ഓരോ കലകളെ ഉണര്‍ത്തി, പ്രാണായാമം ചെയ്ത്, കുംഭകം ചെയ്ത് അച്ഛന്‍ ബ്രഹ്‌മത്തിലേക്ക് ലയിക്കുകയാണ് ചെയ്തത്.
ആ സമയം, ആ പ്രവര്‍ത്തി ആരും കാണാന്‍ പാടില്ല. ഞാന്‍ ചെയ്തത് തെറ്റല്ല. എനിക്കതില്‍ പൂര്‍ണവിശ്വാസമുണ്ട്. നാട്ടുകാര്‍ക്ക് ഇതൊന്നും മനസിലാവില്ല. വ്യാഴാഴ്ച രാവിലെ 11.30-ന് അദ്ദേഹം സമാധിയായി. എന്റെ സഹോദരന്‍ ആ സമയത്ത് ജോലി സ്ഥലത്തായിരുന്നു. വിളിച്ച് അറിയിച്ചതിനുപിന്നാലെ പൂജയ്ക്കായുള്ള സാധനങ്ങളുമായാണ് അദ്ദേഹം എത്തിയത്. പകല്‍വെളിച്ചത്തിലാണ് ഈ പൂജകളൊക്കെയും നടന്നത്. ഭസ്മം, ചന്ദനം, കര്‍പ്പൂരം തുടങ്ങി മറ്റെല്ലാ സുഗന്ധദ്രവ്യങ്ങളുമിട്ട് ഹൃദയത്തിന് മുകളിലേക്ക് മണ്ണില്‍ മൂടാത്ത തരത്തിലാണ് അച്ഛനെ നിമഞ്ജനം ചെയ്തിരിക്കുന്നത്.
ഊര്‍ജസ്വലനായി ഇരുന്നാണ് അച്ഛന്‍ സമാധിയായത്. ആ സമയം അദ്ദേഹത്തിന്റെ ശരീരത്തിന് അദ്ഭുതാവഹമായ തേജസായിരുന്നു. സമാധി ചെയ്യുന്നത് ആരും കാണാന്‍ പാടില്ല. അച്ഛന്‍ തന്നെയാണ് അതിനെക്കുറിച്ചൊക്കെ പറഞ്ഞുതന്നിട്ടുള്ളത്. തനിക്കുവേണ്ടി എങ്ങനെയാണ് സമാധികര്‍മങ്ങള്‍ ചെയ്യേണ്ടത് എന്നതടക്കമുള്ള വിവരങ്ങള്‍ അച്ഛന്‍ പറഞ്ഞിട്ടുണ്ട്. സുഗന്ധദ്രവ്യങ്ങളും ഭസ്മവും കര്‍പ്പൂരവുമിട്ട് സമാധികര്‍മങ്ങള്‍ ഓരോന്നും ചെയ്യേണ്ടത് എങ്ങനെയെന്ന് പറഞ്ഞ് തന്നിരുന്നു. സമാധി ചെയ്യുന്നതിന്റെ ചടങ്ങുകള്‍ ആരെയും കാണിക്കാന്‍ പാടില്ലാത്തതുകൊണ്ടാണ് ആരെയും അതിനെക്കുറിച്ച് അറിയിക്കാഞ്ഞത്.
സമാധിയില്‍ ലയിച്ചിരിക്കുന്ന സമയത്ത് അച്ഛന്‍ ഇവിടെയുള്ള ക്ഷേത്രത്തിന്റെ യോഗീശ്വരനാണ്, മന്ത്രമൂര്‍ത്തിയാണ്. ഈ ക്ഷേത്രത്തിന്റെ ഉയര്‍ച്ച ഇനി അങ്ങോട്ടാണ്. അച്ഛന്‍ ഈശ്വരനില്‍ ലയിക്കുന്ന സമയമാണ്. ചടങ്ങുകളെല്ലാം കഴിഞ്ഞ് ശനിയാഴ്ച വെളുപ്പിനെ മൂന്നുമണിയോടെയാണ് അച്ഛന്റെ സമാധിവിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ഇവിടെ പരിസരപ്രദേശങ്ങളിലെല്ലാം ഒട്ടിച്ചത്. അതിനുപിന്നാലെയാണ് ഈ ക്ഷേത്ര ട്രസ്റ്റിലുള്ള ഭാരവാഹികള്‍ രാവിലെതന്നെ ഇവിടെവന്ന് പ്രശ്‌നമുണ്ടാക്കിയത്.
അച്ഛനാണ് ഇപ്പോള്‍ ഈ ക്ഷേത്രത്തിന്റെ യോഗീശ്വരന്‍, ഇനി ഈ ക്ഷേത്രത്തിന് വളര്‍ച്ചയുണ്ടാകും എന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ പങ്കുപറ്റാനാണ് ട്രസ്റ്റുകാര്‍ പ്രശ്‌നമുണ്ടാക്കുന്നത്. വെളുപ്പിനെ മൂന്നുമണിക്കാണ് ചടങ്ങുകള്‍ കഴിഞ്ഞത്. അതുകൊണ്ടാണ് ആ സമയത്ത് വാര്‍ഡ് കൗണ്‍സിലറെ വിളിക്കാതിരുന്നത്. രാവിലെ അദ്ദേഹത്തെ വിളിച്ച് വിവരം അറിയിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും നാട്ടുകാരെത്തി മോശമായി സംസാരിച്ചു. നിന്റെ അച്ഛനെയും വലിച്ചുകീറി, നിങ്ങളെയും അകത്താക്കിത്തരാം എന്നൊക്കെയാണ് പറഞ്ഞത്, രാജസേനന്‍ ആരോപിക്കുന്നു.
എന്നാൽ പെട്ടെന്നുണ്ടായ മരണത്തിൽ നാട്ടുകാരും ബന്ധുക്കളും ഒരുപോലെ സംശയമുന്നയിച്ചതോടെ ദുരൂഹത നീക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുക്കുമെന്നാണ് ലഭ്യമായ വിവരം. ജില്ലാ കളക്‌ടറുടെ അനുമതി വാങ്ങി മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്താനാണ് പോലീസ് ഒരുങ്ങുന്നത്.