കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്ത അന്വേഷണ സംഘം നടി പരാതി നൽകിയ കൊച്ചിയിലെ സ്റ്റേഷനിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാത്രി എഴുമണിയോടെയാണ് ബോചെയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും.മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ബോചെ പറഞ്ഞത്. തുടർന്ന് സ്റ്റേഷനിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനാൽ രാത്രി ബോചെ ലോക്കപ്പിൽ തുടുരേണ്ടി വന്നു..അതിനിടെ ഹണി റോസ് കോടതിയില്‍ രഹസ്യ മൊഴി നല്‍കി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടി മൊഴി നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ കൊച്ചിയിൽ പരാതി നല്‍കിയത്. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍ നോട്ടത്തില്‍ പത്ത് പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് ഏറ്റെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് അടക്കം ജാമ്യമില്ലാത്ത വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.
വയനാട് മേപ്പാടി ചുളുക്ക അഞ്ചു റോഡ് ഭാഗത്ത് വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പരാതി നൽകിയതിനു പിന്നാലെ, ഹണി റോസ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. പരാതിയിൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നടിക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തത്.
നാല് മാസം മുൻപ് ബോബി ചെമ്മണ്ണൂരിന്റെ ക്ഷണപ്രകാരം, ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിൻ്റെ ഷോറൂം ഉദ്ഘാടനത്തിന് പോയിരുന്നു. ഉദ്ഘാടന പരിപാടിക്കിടെ ബോബി ചെമ്മണ്ണൂരില്‍ നിന്ന് അശ്ലീല പരാമര്‍ശമുണ്ടായെന്നും, പലതവണ ഇത് ആവര്‍ത്തിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് പരാതി നല്‍കിയത്.