ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ധനികനും അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ ഉപദേശകനുമായ ഇലോൺ മസ്ക് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാമറെ ലക്ഷ്യമിട്ട് എക്സ് വഴി കടുത്ത ആരോപണം തുറന്നുവിട്ടിരിക്കുകയാണ്.പ്രധാനമന്ത്രി കെയർ സ്റ്റാർമറെയും ലേബർ സർക്കാരിനെയും ലക്ഷ്യമിട്ട വിവാദ പോസ്റ്റുകൾ ഇപ്പോൾ യുകെയിൽ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
പ്രായമാകാത്ത കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിരുന്ന ഗ്രൂമിങ് ഗ്യാങ്സ്കാൻഡലിനെ കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ യുകെയിലെ പ്രധാന വിഷയം. റോതർഹാം, റോച്ച്‌ഡെയ്ൽ, ടെൽഫോർഡ് തുടങ്ങിയ പട്ടണങ്ങളിൽ നടത്തിയ അന്വേഷണങ്ങളിൽ വ്യാപകമായ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നിൽ മിക്കപ്പോഴും പാക്കിസ്ഥാനി വംശജരായ പുരുഷന്മാരായിരുന്നു പ്രതികൾ. വംശീയമായി ലേബൽ ചെയ്യപ്പെടുമെന്ന ഭയം മൂലം ദുരുപയോഗം ഗ്രൂമിങ് ഗ്യാങ്സിനെതിരായ കുറ്റം അവഗണിക്കുകയോ ചെറുതായി പരിഗണിക്കുകയോ ചെയ്തു എന്നാണ് ആരോപണം.
പഴയ ആ സംഗതികളെല്ലാം വീണ്ടും പുറത്തെടുക്കുകയാണ് ഇലോൺ മസ്ക്. സ്റ്റാർമർ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടറായിരിക്കെ (2008-2013) ഇത്തരം കേസുകളിൽ നിർണ്ണായകമായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് പുതുവത്സര ദിനത്തിൽ മസ്ക് ആരോപിച്ചു. നീതിക്കു വേണ്ടി നിലകൊള്ളാതെ, ദുർബലരായ പെൺകുട്ടികളെ ചൂഷണം ചെയ്യാൻ സ്റ്റാർമർ റേപ് ഗ്യാങ്ങുകളെ” അനുവദിച്ചുവെന്ന് മസ്ക് അവകാശപ്പെട്ടു.യുകെ ഹോം ഓഫീസിന് കീഴിലുള്ള മന്ത്രിയായ ജെസ് ഫിലിപ്പിനെയും മസ്ക് വിമർശിച്ചു, ഓൾഡ്ഹാമിൽ ആരോപിക്കപ്പെടുന്ന ഗ്രൂമിംഗ് അഴിമതികളെക്കുറിച്ച് ഒരു അന്വേഷണത്തിനുള്ള ആഹ്വാനത്തെ നിരസിച്ചുകൊണ്ട് സ്റ്റാർമറിനെ രക്ഷിക്കാൻ ശ്രമിച്ചു. ഫിലിപ്സിൻ്റെ തീരുമാനം രാഷ്ട്രീയമായി പ്രേരിതമാണെന്നും പരാജയപ്പെട്ട നിയമവ്യവസ്ഥയെ മൂടിവയ്ക്കാനാണ് ശ്രമിച്ചതെന്നും മസ്ക് ആരോപിച്ചു.X-ലെ പോസ്റ്റിൽ മസ്‌ക് ഒരു പുതിയ ദേശീയ പൊതു അന്വേഷണം ആവശ്യപ്പെടുകയും ലേബർ ഗവൺമെൻ്റ് ഉടനടി രാജിവച്ച് പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ലേബർ സർക്കാർ മസ്കിൻ്റെ വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞു. യൂറോപ്പിൽ മുഴുവൻ തീവ്രവലതുപക്ഷ ആശയക്കാരെ മസ്ക് പിന്തുണയ്ക്കുകയും പല രാജ്യങ്ങളുടേയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. ജർമനിയിൽ തീവ്രവലതുപക്ഷ ചേരിയിൽ ചേർന്ന് അവിടത്തെ സർക്കാരിനെ വിമർശിക്കുന്നത് ഹോബിയാക്കിയിരിക്കുകയായിരുന്നു മസ്ക്.
അതിനിടെയാണ് യുകെയെ കയറിപിടിച്ചത്.മാസങ്ങൾക്ക് മുന്പ് യുകെയിലെ തീവ്രവലതുപക്ഷം ചില പ്രകടനങ്ങൾ നടത്തുകയും കുടുയേറ്റക്കാർ എല്ലാം യുകെ വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലേബർ സർക്കാർ അത്തരം മുന്നേറ്റങ്ങളെ നേരിടയും ചെയ്തു. അത്തരക്കാർക്ക് പിന്തുണയുമായാണ് മസ്കിൻ്റെ വരവ്.നിഗൽ ഫാരേജിൻ്റെ നേതൃത്വത്തിലുള്ള ബ്രിട്ടൻ്റെ റിഫോം യുകെ പാർട്ടിക്ക് മസ്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
നിലവിൽ കോടതിയലക്ഷ്യത്തിന് 18 മാസത്തെ തടവ് അനുഭവിക്കുന്ന പ്രക്ഷോഭകനായ റോബിൻസനു വേണ്ടിയും മസ്ക് ശബ്ദിച്ചുകൊണ്ടിരിക്കുയാണ്. റിഫോം യുകെ പാർട്ടി കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുള്ള തീവ്ര വലതുപക്ഷ പാർട്ടിയാണ്.