Thursday, January 9, 2025
HomeEuropeആശ്വാസം നൽകുന്ന വാർത്തയുമായി യെമൻ എംബസി : നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ല

ആശ്വാസം നൽകുന്ന വാർത്തയുമായി യെമൻ എംബസി : നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ല

ദില്ലി: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി. വധശിക്ഷയ്ക്ക് ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിലാണ് അംഗീകാരം നൽകിയതെന്നും ഹൂതി നിയന്ത്രണത്തിലുള്ള സ്ഥലത്താണ് കുറ്റകൃത്യം നടന്നതെന്നും ദില്ലിയിലെ യെമൻ എംബസി വ്യക്തമാക്കി.

നേരത്തെ, യെമൻ പ്രസിഡൻ്റ്  വധശിക്ഷയ്ക്ക് അനുമതി നൽകിയെന്നാണ് പുറത്തു വന്നത്.അതേസമയം, നിമിഷ പ്രിയയുടെ മോചനത്തില്‍ പോസിറ്റീവ് ആയ ചില സൂചനകൾ ഉണ്ടെന്ന് യെമനിൽ കാര്യങ്ങൾ ഏകോപിക്കുന്ന സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം പ്രതികരിച്ചിരുന്നു. മധ്യസ്ഥ ചർച്ചകൾ പോലും ഇനിയും തുടങ്ങാത്തതിനാൽ മോചനം യാഥാർഥ്യം ആവണമെങ്കിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് സാമുവൽ ജെറോം പറഞ്ഞു.

ദയാധനം അടക്കമുള്ള കാര്യങ്ങളിൽ കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ഒത്തുതീർപ്പിലേക്കെത്താൻ തയ്യാറാവാഞ്ഞതോടെ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയെന്നാണ് പുറത്തുവന്ന വാർത്ത. 

അതിനിടെ, നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരി​ഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറെന്ന് ഇറാൻ അറിയിച്ചതോടെ വീണ്ടും പ്രതീക്ഷയിലാണ് കുടുംബം. ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഇറാൻ്റെ മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥന്‍ നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടൽ നടത്താമെന്ന് വ്യക്തമാക്കിയത്.

യെമനും ഇറാനും നല്ല ബന്ധത്തിലായതിനാൽ മാനുഷിക ഇടപെടൽ നടത്താനാകുമെന്നാണ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. യെമൻ ഭരണകൂടവുമായി ചർച്ചകൾ നടത്താനുള്ള സാധ്യത ഇറാൻ മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ ഇന്ന് നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ചർച്ചയാകുമോ എന്നാണ് കേരളവും പ്രതീക്ഷിക്കുന്നത്. 

പ്രസിഡൻ്റ് ശിക്ഷ ശരിവച്ചാലും കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തിന് ദയാധനം സ്വീകരിച്ച് മാപ്പു നൽകാനുള്ള അവകാശമുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും യെമനിൽ തുടരുകയാണ്. കേന്ദ്രസർക്കാറും കേരള സർക്കാറും കൈകോർത്ത് മകളെ രക്ഷിക്കാൻ ഇടപെടണമെന്ന് പ്രേമകുമാരി അഭ്യർത്ഥിച്ചിരുന്നു. 2017ലാണ് നിമിഷപ്രിയ യെമൻ സ്വദേശി കൊല്ലപ്പെട്ട കേസിൽ ജയിലിലാകുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments