ബെംഗളൂരു : പ്രണയനൈരാശ്യത്തിൽ യുവാവ് പെൺകുട്ടിയുടെ വീടിനുമുന്നിൽ സ്വയം പൊട്ടിത്തെറിച്ചു. മാണ്ഡ്യയിലാണ് സംഭവം. കലേനഹള്ളി സ്വദേശി രാമചന്ദ്രയാണ് (21) ജീവനൊടുക്കിയത്.
ഗ്രാമത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി രാമചന്ദ്ര പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞവർഷം പെൺകുട്ടിയുമായി വീടുവിട്ടുപോയ രാമചന്ദ്രയെ പോക്‌സോ കേസിൽ അറസ്റ്റുചെയ്തിരുന്നു. ജയിലിൽനിന്നിറങ്ങിയശേഷം പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് വീണ്ടും ബന്ധം തുടരാൻ ശ്രമിച്ചു. എന്നാൽ, പെൺകുട്ടിക്ക് പ്രായപൂർത്തിയായാൽ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു വീട്ടുകാർ നിശ്ചയിച്ചിരുന്നത്.
ഇതിൽ മനംനൊന്ത രാമചന്ദ്ര കഴിഞ്ഞദിവസം ജെലാറ്റിൻ സ്റ്റിക്കുമായി പെൺകുട്ടിയുടെ വീടിനുമുന്നിലെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. രാമചന്ദ്രയ്ക്ക് ജെലാറ്റിൻ സ്റ്റിക്ക് ലഭിച്ചത് എവിടെനിന്നാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.