കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര MLA ഉമ തോമസിന് ഗുരുതര പരുക്ക്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ വച്ചായിരുന്നു അപകടം. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആയിരുന്നു അപകടം. ഒന്നാം നിലയിൽ നിന്നാണ് തീഴേക്ക് വീണത്.ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണു തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. എംഎൽഎയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലക്ടർ അടക്കമുള്ളവർ ആശുപത്രിയിലെത്തി.
പന്ത്രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന പരിപാടിയിരുന്നു. ആളുകളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഉമ തോമസ് താഴേക്ക് വീണത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. സ്ഥലത്ത് റിബണ്‍ മാത്രമായിരുന്നു കെട്ടിയിരുന്നത്. മറ്റ് ബാരിക്കേഡുകളില്ലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടാതെ എംഎല്‍എ താഴേക്ക് വീഴുകയായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഉമ തോമസിന് തലയ്ക്കാണ് പരുക്കേറ്റത്.
15 അടി ഉയരത്തിൽനിന്നാണ് എംഎൽഎ വീണത്. വിഐപി ഗാലറിയിൽനിന്നു വീണ എംഎൽഎയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിഐപികൾക്കായി 40 കസേരകൾ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റു വിഐപികളും ഇരിക്കുന്നുണ്ടായിരുന്നു. അവിടേയ്ക്കു നടന്നു വന്നപ്പോഴാണ് എംഎൽഎ താഴെ വീണത്.
കോൺക്രീറ്റിൽ തലയിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കൊണ്ടുപോകുമ്പോൾ എംഎൽഎയ്ക്കു ബോധമുണ്ടായിരുന്നു. 200 മീറ്റർ അകലെയുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എംഎൽഎയെ സ്കാനിങിന് വിധേയയാക്കി. കോൺഗ്രസ് നേതാക്കളും സ്റ്റാഫ് അംഗങ്ങളും ആശുപത്രിയിലുണ്ട്.