ഒട്ടാവ : കാനഡയിലെ ഹാലിഫാക്‌സ് വിമാനത്താവളത്തിൽ ലാന്‍ഡിങ്ങിനിടെ വിമാനത്തിനു തീപിടിച്ചു. പ്രാദേശിക സമയം രാത്രി 9.30ഓടെയാണ് സംഭവം. റൺവേയിലേക്ക് പറന്നിറങ്ങിയ വിമാനത്തിന്റെ ലാൻഡിങ് ഗിയർ തകർന്നതാണ് അപകടകാരണം. തകർന്ന ലാൻഡിങ് ഗിയർ റൺവേയിൽ തൊട്ടതോടെ തീപിടിക്കുകയായിരുന്നു. ദക്ഷിണ കൊറിയയിൽ വിമാനാപകടമുണ്ടായി മണിക്കൂറുകൾക്കുള്ളിലാണു സംഭവം.
വിമാനത്തിന്റെ ഉള്ളിൽ നിന്നും യാത്രക്കാർ പകർത്തിയ വിഡിയോ പ്രചരിക്കുന്നുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിഭ്രാന്തരായ യാത്രക്കാരെ വിഡിയോയിൽ കാണാം. പിഎഎൽ എയർലൈൻസിന്റെ എയർ കാനഡ ഫ്ലൈറ്റ് എസി 2259 ആണ് അപകടത്തിൽപെട്ടത്. തീപിടുത്തത്തെ തുടർന്നു വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വിസുകളും താൽക്കാലികമായി നിർത്തിവച്ചു. ലാൻഡിങ് ഗിയർ തകരാറിലായതിന്റെ കാരണം അന്വേഷിക്കുകയാണെന്ന് ഏവിയേഷൻ അധികൃതർ പറഞ്ഞു.