തിരുവനന്തപുരം : കാലാവധി കഴിഞ്ഞെങ്കിലും സംസ്ഥാനവുമായി ബന്ധം തുടരുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും. കേരളത്തിലെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഓർമകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെയെല്ലാം എന്നും ഓർക്കും. കേരളത്തിലെ എല്ലാവർക്കും നല്ലതുവരട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മലയാളത്തിലാണ് അദ്ദേഹം സംസാരം തുടങ്ങിയത്. ”ഗവര്‍ണറുടെ കാലാവധി തീരുന്നു, പക്ഷേ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും. കേരള ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഓര്‍മകളും കൊണ്ടാണ് ഞാന്‍ പോകുന്നത്. നിങ്ങളെയെല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലതുവരട്ടെ.” – ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സർക്കാരിന് ആശംസകൾ നേരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. യാത്രയയപ്പ് ഇല്ലാത്തതിനാൽ പരാതിയില്ല. രാജ്യം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് മരിച്ച ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പ്രതിനിധികൾ അദ്ദേഹത്തെ യാത്ര അയക്കാനായി എത്തി. മലയാളത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോടു സംസാരിച്ചത്.
അതേസമയം സ്ഥാനമൊഴിഞ്ഞ് യാത്രതിരിക്കുന്ന ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ എത്തിയില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് ഔദ്യോഗിക ദുഃഖാചരണമുള്ളതിനാല്‍ യാതൊരു ഔദ്യോഗിക ചടങ്ങുകളും പാടില്ല എന്നുള്ളതിനാലാണ് പ്രത്യേക യാത്രയയപ്പ് നല്‍കാതിരുന്നതെന്നാണ് ഇതിന് പൊതുഭരണ വകുപ്പ് നല്‍കുന്ന വിശദീകരണം.
വിമാനത്താവളത്തിലേക്കുള്ള വഴിയിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്ക് ടാറ്റാ നൽകി. പേട്ടയിൽ വച്ചാണ് ഗവർണർക്ക് എസ്എഫ്ഐ പ്രവർത്തകർ ടാറ്റ നൽകിയത്. പി. സദാശിവം ഗവർണർ സ്ഥാനമൊഴിഞ്ഞപ്പോൾ വലിയ യാത്രയയപ്പാണ് സര്‍ക്കാര്‍ നൽകിയത്.
സർവകലാശാല വിഷയത്തിൽ ഒഴികെ സർക്കാരുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ജസ്റ്റിസ് സദാശിവവുമായി തന്നെ താരതമ്യപ്പെടുത്തേണ്ടതില്ല. രണ്ടു പ്രവർത്തന ശൈലിയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് സര്‍ക്കാര്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന് എന്നും തലവേദനയായ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. പി. സദാശിവത്തിന് രാജ്ഭവനിലെ യാത്രയയപ്പ് സമ്മേളനത്തിന് പുറമേ മസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് സമ്മേളനം നടത്തിയിരുന്നു. മാത്രമല്ല പിണറായി വിജയന്‍ വിമാനത്താവളത്തില്‍ നേരിട്ട് എത്തി അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തിരുന്നു.