ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ മൃതദേഹം സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കരിക്കും. ദില്ലിയിലെ ഔദ്യോഗിക വസതിയിലുള്ള മൃതദേഹം രാവിലെ എ ഐ സി സി ആസ്ഥാനത്ത് എത്തിക്കും. ഒൻപതര വരെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പൊതുജനങ്ങളും ഇവിടെ അന്തിമോപചാരം അർപ്പിക്കും. ഒൻപതരയ്ക്ക് വിലാപയാത്രയായി മൃതദേഹം യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. പൂർണ സൈനിക ബഹുമതികളോടെ ഉച്ചയോടെ സംസ്കാര ചടങ്ങുകൾ നടത്താനാണ് തീരുമാനം.
വ്യാഴാഴ്ച രാത്രി അന്തരിച്ച മുൻ പ്രധാനമന്ത്രിയെ അവസാന നോക്ക് കാണാനായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്രമോദി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവര്‍ എത്തി. ദ്രൗപദി മുര്‍മ്മുവും മോദിയും സോണിയയും രാഹുലുമടക്കം പ്രമുഖ നേതാക്കളെല്ലാം മൻമോഹന് ആദരാഞ്ജലികള്‍ നേര്‍ന്നു. ഭാവി തലമുറകള്‍ക്ക് മന്‍മോഹൻ സിംഗ് പ്രചോദനമാണെന്നും വേര്‍പാട് അതീവ ദുഖകരമാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. യു പി എ കാലത്തെയും, പാര്‍ട്ടിയില്‍ ഒപ്പം പ്രവര്‍ത്തിച്ച നാളുകളുടെയും ഓര്‍മ്മയിലാണ് സോണിയ ഗാന്ധി, മൻമോഹനെ കാണാനെത്തിയത്. പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍, പ്രകാശ് കാരാട്ട്, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാള്‍ അങ്ങനെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ സംസ്കാരിക നേതാക്കളെല്ലാം ആദരമർപ്പിക്കാൻ എത്തി.
സംസ്കാരം പൂര്‍ണ്ണ സൈനീക ബഹുമതികളോടെ ഉച്ചക്ക് ദില്ലി നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ നടക്കും. അതേസമയം സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്കാരം അനുവദിക്കാത്തതില്‍ കോണ്‍ഗ്രസ് കടുത്ത അമര്‍ഷത്തിലാണ്. രാജ് ഘട്ടിന് സമീപം യുമനാ നദീ തീരത്ത് സംസ്കാരവും അവിടെ തന്നെ സ്മാരകവും നിര്‍മ്മിക്കാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. നിഗംബോധ് ഘട്ട് യമുനക്ക് സമീപമുള്ള പൊതുശ്മശാനമാണ്. അവിടെ സംസ്കരിച്ച ശേഷം സ്മാരകത്തിന് നിശ്ചയിക്കുന്ന സ്ഥലത്തേക്ക് ചിതാഭസ്മം മാറ്റാമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. അടുത്തയാഴ്ചയോടെയെ സ്ഥലം എവിടെയെന്ന് പറയാനാവൂയെന്നാണ് സര്‍ക്കാര്‍, മന്‍മോഹന്‍ സിംഗിന്‍റെ കുടുംബത്തെ അറിയിച്ചിരിക്കുന്നത്.