ഫ്‌ളോറിഡ : സൗത്ത് ഫ്‌ളോറിഡയില്‍ വെച്ച് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പിടിയിലായ യുവാവിനെ 2025 സെപ്റ്റംബര്‍ വരെ വിചാരണ ചെയ്യില്ലെന്ന് ഫെഡറല്‍ ജഡ്ജി ഈ ആഴ്ച വിധിച്ചു. പിടിയിലായ റയാന്‍ റൂത്തിന്റെ വിചാരണ 2025 ഫെബ്രുവരി 10ന് ആരംഭിക്കുമെന്നായിരുന്നു മുന്‍ തീരുമാനം. ഇതിനുപകരം സെപ്റ്റംബര്‍ 8-ന് ആരംഭിക്കുമെന്നാണ് യുഎസ് ജില്ലാ ജഡ്ജി എയ്ലിന്‍ കാനന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15-ന് തന്റെ വെസ്റ്റ് പാം ബീച്ച് കണ്‍ട്രി ക്ലബ്ബില്‍ ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ കുറ്റിച്ചെടികള്‍ക്കിടയില്‍ തോക്കുമായി മറഞ്ഞിരുന്ന റയാനെ സീക്രട്ട് സര്‍വീസ് ഏജന്റാണ് കണ്ടത്. ഇതു മനസിലാക്കിയ റയാന്‍ ആയുധം ഉപേക്ഷിച്ച് വെടിയുതിര്‍ക്കാതെ ഓടി രക്ഷപ്പെട്ടു. എന്നാല്‍ വൈകാതെ അയാളെ പിടികൂടുകയായിരുന്നു.
സംഭവത്തിനു മുമ്പ് ആഴ്ചകളോളമായി ട്രംപിനെ കൊല്ലാന്‍ റൗത്ത് പദ്ധതിയിട്ടിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. ട്രംപ് കാണുന്നതിന് മുമ്പ്, ഒരു സീക്രട്ട് സര്‍വീസ് ഏജന്റ് റൗത്തിനെ കണ്ടതുകൊണ്ടാണ് ആ വധശ്രമത്തില്‍ നിന്നും ട്രംപ് രക്ഷപെട്ടത്.