ക്രിസ്മസ് തലേന്ന് സൂര്യന് ഏറ്റവും അടുത്ത ദൂരത്തായി പാർക്കർ സോളർ പ്രോബ്. ഇതിനു ശേഷം ഇനി ഇത്രയുമടുത്ത് പാർക്കർ എത്താൻ സാധ്യതയില്ലെന്നാണ് നാസ അധികൃതർ പറയുന്നത്. സൂര്യന് 61 ലക്ഷം കിലോമീറ്ററുകൾക്കുള്ളിലേക്കു പാർക്കർ പ്രവേശിച്ചു . സൂര്യന് ഏറ്റവും അടുത്തുള്ള ഗ്രഹമായ മെർക്കുറിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ എട്ടിലൊന്നിൽ കുറവായിരിക്കും അപ്പോൾ പാർക്കറും സൂര്യനും തമ്മിലുള്ള ദൂരം.
പാർക്കറിന്റെ പ്രവർത്തന കാലയളവിന്റെ അവസാനപാദമാണിത്.അടുത്ത ഒരു വർഷത്തിൽ കുറേക്കൂടി തവണ സൂര്യന്റെ അടുത്തായി പാർക്കർ എത്തുമെങ്കിലും ഇത്രത്തോളം അടുത്തെത്തില്ല. 1400 ഡിഗ്രി സെൽഷ്യസ് അതിതാപനില അതിജീവിച്ചാകും പാർക്കർ എത്തുക. 2018 ഓഗസ്റ്റിലാണു പാർക്കർ സോളർ പ്രോബ് യാത്ര തുടങ്ങിയത്. നാസയുടെ ഏറ്റവും ശേഷിയുള്ള റോക്കറ്റുകളിലൊന്നായ ഡെൽറ്റഫോറാണു പാർക്കറിനെ വഹിച്ചുകൊണ്ട് പറന്നത്. ചൊവ്വയിൽ പോകാൻ വേണ്ടതിന്റെ 55 ഇരട്ടി വിക്ഷേപണ ഊർജം പാർക്കറിന്റെ വിക്ഷേപണത്തിനു വേണ്ടി വന്നു.
ഇതുവരെ പല തവണ സൂര്യന്റെ അന്തരീക്ഷത്തിനു സമീപം പാർക്കർ എത്തിയിരുന്നു. സൂര്യന്റെ അടുക്കലേക്കുള്ള ഭ്രമണപഥത്തിലെത്താൻ പാർക്കറെ നമ്മുടെ അയൽഗ്രഹമായ ശുക്രന്റെ ഗുരുത്വബലം സഹായിക്കുന്നുണ്ട്. ഏഴുവർഷം നീണ്ട യാത്രയിൽ 24 തവണ പാർക്കർ സൂര്യന്റെ അടുത്തെത്തും. സൂര്യനടുത്തെത്തിയാൽ മണിക്കൂറിൽ 7 ലക്ഷം കിലോമീറ്റർ എന്ന നിലയിലേക്കുയരും പാർക്കറിന്റെ വേഗം. മനുഷ്യർ നിർമിച്ച ഒരു വസ്തുവിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വേഗമാണിത്.
ഇത്രയും ഉയർന്ന താപനില അനുഭവിച്ചിട്ടും എന്തുകൊണ്ടാണു പാർക്കർ കത്താത്തത് എന്നാണ് ഏവർക്കും ചിന്ത .നാലര ഇഞ്ച് കനത്തിൽ തയാറാക്കിയ കാർബൺ കോംപസിറ്റ് കവചം പാർക്കറിനു ചുറ്റുമുണ്ട്. 1377 ഡിഗ്രി സെൽഷ്യസ് ചൂടിനെ വരെ പ്രതിരോധിക്കാൻ കഴിയുന്ന കവചമാണ് ഇത്. പക്ഷേ സൂര്യന്റെ അന്തരീക്ഷമെന്നൊക്ക പറയുമ്പോൾ വലിയ ചൂടായിരിക്കില്ലേ? ശരിയാണ്. സൂര്യന്റെ കൊറോണയിൽ വലിയ ചൂടുണ്ട്. എന്നാൽ അവിടെ സാന്ദ്രത കുറവാണ്. ഇതു മൂലം താപം വഹിക്കുന്ന കണങ്ങളും കുറവാണ്. അതാണു പാർക്കറിനു രക്ഷയാകുന്നത്. കണങ്ങൾ കുറവായതിനാൽ പാർക്കർ അവിടെ നിന്ന് അധികം ചൂടാകില്ല. കൂടി വന്നാൽ 1377 ഡിഗ്രി മാത്രം. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനം, സൗരവാതങ്ങളെക്കുറിച്ചു പഠിക്കുക, നക്ഷത്രങ്ങളുടെ സവിശേഷതകളെക്കുറിച്ചു പഠിക്കുക തുടങ്ങിയവയാണ് പാർക്കറിന്റെ ലക്ഷ്യങ്ങൾ.